ഹെബ്ബഗോഡി ദേവാലയത്തിൽ തിരുനാൾ 22 മുതൽ
Sunday, September 11, 2016 7:37 AM IST
ബംഗളൂരു: ഹെബ്ബഗോഡി വ്യാകുലമാതാ ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്‌ത തിരുനാൾ ഈമാസം 22 മുതൽ 25 വരെ നടക്കും. 22ന് വൈകുന്നേരം 5.45ന് വികാരി ഫാ. ലാലു തടത്തിലാങ്കൽ തിരുനാളിനു കൊടിയേറ്റും. തുടർന്ന് ഫാ. ജോമോൻ കൊച്ചുകണിയാപറമ്പിൽ എംസിബിഎസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, സന്ദേശം, ധ്യാനം എന്നിവയും നടക്കും. 24ന് വൈകുന്നേരം ദിവ്യബലിക്കു ശേഷം ഇടവകാംഗങ്ങളുടെ വിവിധതരം കലാപരിപാടികൾ കോർത്തിണക്കിയ സർഗസന്ധ്യ അരങ്ങേറും. ഇടവകയിലെ വിൻസന്റ് ഡി–പോൾ, മാതൃജ്യോതിസ്, ഒഎൽഎസ് യൂത്ത്, പിതൃവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ കേരള വിഭവങ്ങളുമായി ഭക്ഷ്യമേളയും ഒരുക്കും.

പ്രധാന തിരുനാൾ ദിവസമായ 25ന് വൈകുന്നേരം 4.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജോസ് പുതുക്കാരി എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, ആശീർവാദം, നേർച്ച വിരുന്ന്, ചെണ്ടമേളം എന്നിവയും നടക്കും. സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കലിന്റെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.