ദുബായിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Monday, September 12, 2016 12:10 AM IST
നെടുങ്കണ്ടം: അഞ്ചുദിവസം മുമ്പ് ദുബായിൽ കാണാതായ നെടുങ്കണ്ടം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം ഉമ്മാക്കട കോട്ടരിക്കൽ സന്തോഷ് മൈക്കിളിനെയാണ് (36) അൽഖൂസിലെ ഒരു ട്രാൻസ്ഫോർമറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിനായിരുന്നു സന്ദർശകവിസയിൽ ജോലി അന്വേഷിച്ച് സന്തോഷ് ദുബായിൽ എത്തിയത്. അൽഖൂസ് മാളിന് സമീപത്തുള്ള കാറ്ററിംഗ് സ്‌ഥാപനത്തിൽ പാചകക്കാരനായി ഇയാൾ ജോലിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ആറിനു സന്തോഷിനെ ജോലിസ്‌ഥലത്തുനിന്നും കാണാതാകുകയായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഏഴിനു ട്രാൻസ്ഫോർമറിന് സമീപത്തായി മൃതദേഹം കണ്ടതായി പാക്കിസ്‌ഥാൻ സ്വദേശി പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. 18 നു മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം 22 നു നാട്ടിൽ എത്തിക്കും. മരണ കാരണം വ്യക്‌തമല്ല.