യുക്മ റീജണൽ കലാമേളകളുടെ പ്രഖ്യാപനം പൂർത്തിയായി; ദേശീയ കലാമേള നവംബർ അഞ്ചിന് കവൻട്രിയിൽ
Monday, September 12, 2016 6:02 AM IST
ലണ്ടൻ: യുക്മ ഏഴാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി എല്ലാ റീജണുകളിലെയും കലാമേളകൾ പ്രഖ്യാപിച്ചു. ദേശീയ കലാമേള നവംബർ അഞ്ചിന് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണിലെ കവൻട്രിയിൽ നടക്കും.

ഇതു മൂന്നാം തവണയാണ് ദേശീയ കലാമേള മിഡ്ലാൻഡ്സ് റീജണിനെ തേടിയെത്തുന്നത്. കവൻട്രി കേരള കമ്യൂണിറ്റിയുടെയും മിഡ്ലാൻഡ്സ് റീജണിന്റെയും സംയുക്‌താഭിമുഖ്യത്തിലാകും ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുകയെന്ന് യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ജനറൽ സെക്രട്ടറി സജീഷ് ടോം എന്നിവർ അറിയിച്ചു.

ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജണൽ കലാമേളകളുടെ തീയതികളും വേദികളും വളരെ നേരത്തെതന്നെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ റീജണൽ നേതൃത്വങ്ങളും തികഞ്ഞ മത്സരബുദ്ധിയോടെ രംഗത്തിറങ്ങിക്കഴിഞ്ഞു. ഒക്ടോബർ ഒന്നിനു (ശനി) വെയ്ക്ഫീൽഡിൽ നടക്കുന്ന യോർക്ക് ഷെയർ ആൻഡ് ഹംബർ കലാമേളയോടുകൂടി റീജണൽ കലാമേളകൾക്ക് തിരിതെളിയും.

എട്ടിനു (ശനി) പ്രഗത്ഭരായ സൗത്ത് വെസ്റ്റ് റീജണിന്റെയും സൗത്ത് ഈസ്റ്റ് റീജണിന്റെയും കലാമേളകൾ അരങ്ങേറും. രണ്ട് റീജണുകളുടെയും കലാമേളകൾ ഡോർസെറ്റ് കൗണ്ടിയിലെ ബൗൺമൗത്തിലും പൂളിലുമാണ് അരങ്ങേറുക.

15നു (ശനി) മൂന്ന് റീജണൽ കലാമേളകളാണ് അരങ്ങേറുന്നത്. സ്വാൻസിയിൽ വെയ്ൽസ് റീജണൽ കലാമേളയും മാഞ്ചസ്റ്ററിൽ നോർത്ത് വെസ്റ്റ് റീജണൽ കലാമേളയും ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള ബാസിൽഡണിൽ അരങ്ങേറും.

റീജണൽ കലാമേളയുടെ സമാപനം കുറിച്ചുകൊണ്ട് 22നു (ശനി) ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ കലാമേള നോട്ടിംഗ്ഹാമിൽ നടക്കുമ്പോൾ ദേശീയ നേതാക്കളെല്ലാം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യുകെ മലയാളികളുടെ ദേശീയോത്സവമായി മാറിക്കഴിഞ്ഞ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരയ്ക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേള, അയ്യായിരത്തോളം യുകെ മലയാളികൾ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന, ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കം ആകുന്നു.

മിഡ്ലാൻഡ്സിലെ കവൻട്രിയിൽവച്ച് നടക്കുന്ന യുക്മ ദേശീയ കലാമേളയിലേക്ക് യുക്മ ദേശീയ കമ്മിറ്റി ഏവരേയും സ്വാഗതം ചെയ്തു.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ