14 തികയും മുമ്പേ വിവാഹം, 361 അഭയാർഥി കുട്ടികൾ ജർമനിയിൽ
Monday, September 12, 2016 8:15 AM IST
ബർലിൻ: ജർമനിയിൽ അഭയാർഥികളായെത്തിയ പെൺകുട്ടികളിൽ 361 പേർ പതിനാല് വയസ് തികയും മുൻപേ വിവാഹിതരായവരെന്ന് കണ്ടെത്തൽ. ഇവരിലേറെപേരും മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നോ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ വന്നവരാണ്.

ജൂലൈ 31 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഈ കണക്ക്. പതിനെട്ടു തികയാത്ത 1475 പേരാണ് മൈഗ്രേഷൻ ഓഫീസിൽ വിവാഹിതർ എന്നെഴുതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്തവരെയും രജിസ്റ്റർ ചെയ്യുമ്പോൾ വിവാഹിതരെന്ന വിവരം മറച്ചുവയ്ക്കുന്നവരെയും ചേർത്താൽ യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത.

സിറിയയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ 664 പേർ. തൊട്ടുപിന്നിൽ അഫ്ഗാനിസ്‌ഥാൻ (157), ഇറാക്ക് (100), ബൾഗേറിയ (65), പോളണ്ട്(41), റൊമാനിയ(33), ഗ്രീസ് (32) എന്നിങ്ങനെയാണ് കണക്കുകൾ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ