ബലിപെരുന്നാൾ: ബഹറിനിൽ വിപുലമായ ഒരുക്കങ്ങൾ നടത്തി
Monday, September 12, 2016 8:30 AM IST
മനാമ: ബഹറിനിൽ ബലിപെരുന്നാളിനെ വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുന്നി ഔഖാഫിന്റെ അംഗീകാരത്തോടെ ക്യാപ്പിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുൽ ഈമാൻ കേരളവിഭാഗം മലയാളികൾക്കായി നടത്തുന്ന ഈദ് ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഈസാ ടൗൺ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഈദ് ഗാഹ് രാവിലെ 5.40ന് ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി ജമാൽ നദ്വി ചെയർമാനും ബിൻഷാദ് പിണങ്ങോട് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. കഴിഞ്ഞദിവസം ചേർന്ന സ്വാഗതസംഘം യോഗത്തിൽ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.

സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് മനാമ പാക്കിസ്‌ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ നടക്കും. നമസ്കാരം രാവിലെ 5.50ന് തുടങ്ങും. ഈദ് നമസ്കാരത്തിന് വരുന്നവർ അംഗശുദ്ധി വരുത്തി വരുന്നത് സൗകര്യമാവുമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വാഹനത്തിൽ വരുന്നവർക്ക് പാർക്കിംഗ് സംവിധാനമൊരുക്കിയിട്ടുണ്ട്.