ഡിഎംഎയുടെ ‘ഓണവില്ല്’ സെപ്റ്റംബർ 14–ന്
Tuesday, September 13, 2016 12:34 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17–നു ശനിയാഴ്ച മാഡിസൺ ഹൈറ്റ്സിലുള്ള ലാംഫിയർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. പതിവുപോലെ ഉച്ചയ്ക്ക് പന്ത്രണ്ടിനു ഇലയിൽ വിളമ്പുന്ന ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിക്കുക. വിഭവസമൃദ്ധമായ സദ്യയിൽ മലയാളിയുടെ തനതു രുചിയോടെയുള്ള 21–ൽപ്പരം കറികളാണ് ഉണ്ടായിരിക്കുക. തുടർന്നു കൂറ്റൻസും കൊമ്പൻസും കൊമ്പുകോർക്കുന്ന അതിശക്‌തമായ വടംവലി മത്സരം നടക്കും. ഗണപതിപ്ലാക്കൽ തോമസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിൽ കൂറ്റൻസ് ടീമിനെ ചാച്ചി റാന്നിയും, കൊമ്പൻസ് ടീമിനെ അഭിലാഷ് പോളും നയിക്കും.

തുടർന്ന് രാജേഷ് നായരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റേയും, കേരളത്തനിമയോടെയുള്ള താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും. വരവേല്പിൽ പുലികളി കൂടാതെ കേരളത്തിന്റെ തനത് കലാരൂപങ്ങളും അണിനിരക്കും.

പൊതുസമ്മേളനം ഫോമ നിയുക്‌ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടനം ചെയ്യും. ഡി.എം.എ പ്രസിഡന്റ് സൈജൻ കണിയോടിക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബി.ഒ.ടി ചെയർമാൻ മാത്യു ചെരുവിൽ, ഡി.എം.എ സെക്രട്ടറി നോബിൾ തോമസ്, വൈസ് പ്രസിഡന്റ് ജിജി പോൾ, ട്രഷറർ പ്രിൻസ് അബ്രഹാം, ജോയിന്റ് സെക്രട്ടറി ശാലിനി ജയപ്രകാശ്, ജോയിന്റ് ട്രഷറർ സൂര്യ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർ സുനിൽ പൈങ്ങോൾ സ്വാഗതം ആശംസിക്കും.

തുടർന്ന് ഡിട്രോയിറ്റിലെ നാൽപ്പതിൽപ്പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ‘നിഷിഗന്ധ’ എന്ന തീയേറ്ററിക്കൽ ഷോ അരങ്ങേറും. ഏതു ദുരന്തത്തിൽ നിന്നുമുള്ള സ്ത്രീയുടെ ഉയിർത്തെഴുന്നേൽപിന്റെ കഥപറയുന്ന ‘നിഷിഗന്ധ’യുടെ തിരക്കഥയും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത് സൈജൻ കണിയോടിക്കലാണ്.

പൂക്കളമത്സരമാണ് പ്രധാനപ്പെട്ട മറ്റൊരിനം. നിങ്ങളുടെ വീടുകളിൽ ഇടുന്ന പൂക്കളത്തോടൊപ്പം നിങ്ങളുടെ ചിത്രങ്ങൾ ഈ മത്സരത്തിലേക്ക് അയയ്ക്കാവുന്നതാണ്. 150 ഡോളർ ആയിരിക്കും ഒന്നാം സമ്മാനം. കൂടാതെ തിരുവാതിര, നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ തുടങ്ങിയ കലാപരിപാടികളും ഓണവില്ലിന് മാറ്റുകൂട്ടുന്നതാണ്. എല്ലാ വർഷത്തേക്കാളും തികച്ചും വ്യത്യസ്തമായ ഒരു ഓണാഘോഷമായിരിക്കും ഇത്തവണത്തേതെന്നു പ്രോഗ്രാം കമ്മിറ്റി ചെയർ സുനിൽ പൈങ്ങോൾ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വിമൻസ് ഫോറം പ്രസിഡന്റ് ഷാലു ഡേവിഡ്, സെക്രട്ടറി ബോണി കോയിത്തറ, ബിഒടി സെക്രട്ടറി മോഹൻ പനങ്കാവിൽ, സാം മാത്യു, സുദർശനക്കുറുപ്പ്, സാജൻ ജോർജ്, ഷാജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ‘ഓണവില്ലിന്റെ’ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. ശാലിനി ജയപ്രകാശ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം