മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ ആറിന്
Tuesday, September 13, 2016 5:18 AM IST
ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ അഞ്ച്, ആറ് (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് മൂന്നിലെ അ1 പാർക്കിൽ നടക്കും.

ശനി പുലർച്ചെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6.30ന് മഹാദീപാരാധന, 6.45 മുതൽ രമേഷ് ഇളമൺ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടർന്നു ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികൾ.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ എട്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

തുടർന്നു ഒമ്പതിന് പൊങ്കാല. എ1 പാർക്കിൽ നിർമിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തു കാവ് ക്ഷേത്ര മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് പകരും. തുടർന്നു വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചക്ക് ചക്കുളത്തമ്മയുടെ പ്രധാന വഴിപാടായ അന്നദാനം എന്നിവ നടക്കും. ചക്കുളത്ത് കാവിൽ നിന്നും പ്രത്യേകം എത്തിച്ചേരുന്ന നമ്പൂതിരിമാരുടെ നേതൃത്വത്തിലാണ് പൂജാദി കർമങ്ങൾ നടത്തുന്നത്.

ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കുവാനായി ഡൽഹിയിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നുമായി നിരവധി ഭക്‌തജനങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 9810477949, 8130595922, 9818522615.

<ആ>റിപ്പോർട്ട്: പി.എൻ. ഷാജി