ഗ്രേറ്റ് ബ്രിട്ടണിലെ പുതിയ രൂപത: മാർ ആലഞ്ചേരിയുടെ നേതൃപാടവ മികവിനുള്ള അംഗീകാരം
Tuesday, September 13, 2016 5:19 AM IST
ലണ്ടൻ: 1.27 ബില്യൺ വിശ്വാസികളുള്ള കത്തോലിക്കാ സഭ ഒരേ വിശ്വാസവും വ്യത്യസ്ത ആരാധനാ പാരമ്പര്യങ്ങളുമായി 23 സ്വയാധികാര വ്യക്‌തിസഭകളുടെ കൂട്ടായ്മയാണ്. അംഗസംഖ്യയിൽ 4.6 മില്യൺ വിശ്വാസികളുമായി മൂന്നാം സ്‌ഥാനത്താണ് സീറോ മലബാർ സഭയുടെ സ്‌ഥാനം. ഇതിൽ ഏറ്റവും വലിയ അംഗബലമുള്ള ലാറ്റിൻ കത്തോലിക്കാ റീത്ത് കഴിഞ്ഞാൽ 5,300,000അഗങ്ങളുള്ള യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയാണ് വിശ്വാസികളുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്തുള്ളത്.

46 ലക്ഷത്തിലധികമുള്ള സീറോ മലബാർ സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിസ്തുലമായ നേതൃത്വത്തിന്റെയും സഹമെത്രാന്മാരുടെയും വൈദികരുടെയും അത്മായ വിശ്വാസികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ബ്രിട്ടനിലെ പുതിയ സീറോ മലബാർ രൂപത ജന്മമെടുക്കുന്നത്. തന്റെ മുൻഗാമികളെപ്പോലെതന്നെ റോമുമായും മാർപാപ്പയുമായുള്ള ആഴമായ ബന്ധവും മറ്റ് സഭകളോടു സൂക്ഷിക്കുന്ന സമാധാനപരമായ കൂട്ടായ്മയും സീറോ മലബാർ സഭയുടെ വിശ്വാസപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലെ നിതാന്ത ജാഗ്രതയും സമർഥമായ നേതൃത്വത്തിന് മാർ ആലഞ്ചേരിയെ പ്രാപ്തനാക്കുന്നു. സീറോ മലബാർ സഭയിൽനിന്ന് പ്രവാസികളായി കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തും താമസിക്കുന്നവരെ സന്ദർശിച്ച് ആവശ്യമായ അജപാലന സൗകര്യങ്ങൾ ക്രമപ്പെടുത്താൻ സഭയുടെ തലവനെന്ന നിലയിൽ മാർ ആലഞ്ചേരി ദീർഘവീഷണത്തോടുകൂടി നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമാണ് അമേരിക്കയിലും മെൽബണിലും കാനഡയിലും ഇപ്പോൾ ബ്രിട്ടനിലും പുതിയ രൂപതകളുടെ സ്‌ഥാപനത്തിൽ തെളിഞ്ഞുകാണുന്നത്.

പൗരസ്ത്യ സഭാ പാരമ്പര്യത്തിൽപ്പെട്ട മറ്റു സഹോദരസഭകളുമായും സീറോ മലബാർ സഭ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രത്യേക ക്ഷണപ്രകാരം, സീറോ മലബാർ സഭയുടെ ‘സഭാ വിജ്‌ഞാനീയം കരുണയുടെ വർഷത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് യുക്രേനിയൻ സഭാ സിനഡിൽ പ്രശസ്ത ദൈവശാസ്ത്രപണ്ഡിതനും പാലാ രൂപത മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രബന്ധമവതരിപ്പിച്ചിരുന്നു.

ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവാസികാര്യ കമ്മിഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേലിന്റേയും നാഷണൽ കോഓർഡിനേറ്റർ ഫാ. തോമസ് പാറയടിയുടെയും നിരവധി വൈദികരുടെയും നേതൃത്വത്തിൽ നടന്ന അജപാലന പ്രവർത്തനങ്ങൾക്കാണ് ആഗോളസഭയുടെ അംഗീകാരമായി പുതിയ രൂപത അനുവദിക്കപ്പെട്ടിരിക്കുന്നത്.

ഒക്ടോബർ ഒമ്പതിന് പ്രസ്റ്റൺ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മെത്രാഭിഷേക തിരുക്കർമങ്ങളിലും രൂപത ഉദ്ഘാടനത്തിലും പങ്കെടുക്കാൻ പ്രാർഥനാപൂർവമായ ഒരുക്കങ്ങൾ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളിലും വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരുന്നതായി പിആർഒ ഫാ. ബിജു കുന്നക്കാട്ട് പറഞ്ഞു.
<ശാഴ െൃര=/ിൃശ/2016ലെുേ13മഹമിരവലൃ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>