ഡേവിഡ് കാമറോൺ എംപി സ്‌ഥാനവും രാജിവച്ചു
Tuesday, September 13, 2016 8:16 AM IST
ലണ്ടൻ: ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ പാർലമെന്റ് അംഗത്വം രാജിവച്ചു. അപ്രതീക്ഷിതമായ തീരുമാനം ഭരണ – പ്രതിപക്ഷങ്ങളെ ഒരുപോലെ ഞെട്ടിക്കുന്നതാണ്.

തന്റെ വീക്ഷണങ്ങൾ തെരേസ മേ നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ശ്രദ്ധ തെറ്റിക്കാതിരിക്കാനാണ് പാർലമെന്റിൽനിന്നു തന്നെ വിട്ടു നിൽക്കാനുള്ള തീരുമാനമെന്ന് കാമറോണിന്റെ വിശദീകരണം.

യൂറോപ്യൻ യൂണിയൻ ഹിതപരിശോധനയിൽ തന്റെ ഭാഗം പരാജയപ്പെട്ടതിനെത്തുടർന്ന് ജൂലൈയിലാണ് അദ്ദേഹം പ്രധാനമന്ത്രി പദം രാജിവച്ചത്. എന്നാൽ, ഇനി പ്രധാനമന്ത്രി സ്‌ഥാനത്തേയ്ക്കില്ലെങ്കിലും 2020ലെ പൊതു തെരഞ്ഞെടുപ്പിലും പാർലെന്റിലേക്കു മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

വിറ്റ്നിയിൽനിന്നുള്ള ജനപ്രതിനിധിയാണ് കാമറോൺ. രാജിയെത്തുടർന്ന് ഇവിടെ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വരും. അത്യാകർഷകമായ മറ്റു ചില കരിയർ ഓപ്ഷനുകൾ അദ്ദേഹം പരിഗണിക്കുന്നു എന്നാണ് സൂചന.

ഡേവിഡ് കാമറോൺ നേതൃത്വം നൽകിയ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നുവെന്നാണ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രതികരണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ