സാക്ഷര കേരളത്തിന് അഭിമാനമായി യുനസ്കോ പുരസ്കാരം പാരീസിൽ ഏറ്റുവാങ്ങി
Tuesday, September 13, 2016 8:17 AM IST
പാരീസ്: യുനെസ്കോയുടെ സാക്ഷരത പ്രവർത്തനങ്ങളുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചു മികച്ച സാക്ഷരതാ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ഇന്ത്യക്കുവേണ്ടി യുനെസ്കോ ഡയറക്ടർ ജനറൽ ഇറിന ബോകോവയിൽനിന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഉപേന്ദ്ര ഖുശ്വാസ ഏറ്റുവാങ്ങി. കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

മലപ്പുറം ജില്ലയിൽ നടത്തിയ തുടർ സാക്ഷരതാ പ്രവർത്തനങ്ങളാണ് ജെഎസ്എസിനെ അവാർഡിന് അർഹമാക്കിയത്. ഇന്ത്യയെ കൂടാതെ സെനഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും അവാർഡിന് അർഹമായി.

ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ഈ അവാർഡ് അർഹതക്കുള്ള അംഗീകാരമാണെന്നും ഇനിയും തുടർ സാക്ഷരതാ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താൻ പ്രചോദനമാകുമെന്നും അവാർഡ് ഏറ്റു വാങ്ങിയശേഷമുള്ള മറുപടി പ്രസംഗത്തിൽ പി.വി. അബ്ദുൽ വഹാബ് എംപി പറഞ്ഞു.

ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന യുനെസ്കോ അംബാസഡർ രുചിതാ കംബോഡ്ജ്, പ്രവാസി മലയാളി ഫെഡറേഷൻ ഫ്രാൻസ് കോ ഓഡിനേറ്റർ കെ.കെ. അനസ്, ജനശിക്ഷൺ സംസ്‌ഥാന ഡയറക്ടർ ഉമ്മർ കോയ തുടങ്ങിയവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ