കാവേരി വിഷയം: ഇടപെടണമെന്ന് പ്രധാനമന്ത്രിയോടു സിദ്ധരാമയ്യ
Thursday, September 15, 2016 6:46 AM IST
ബംഗളൂരു: കാവേരി വിഷയത്തിൽ ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. പ്രശ്നപരിഹാരത്തിനായി കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്‌ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രതിഷേധ സമരങ്ങൾ ഇനിയും തുടർന്നാൽ അത് സംസ്‌ഥാനത്തിന്റെ സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്നും രാജ്യത്തിന് മികച്ച വരുമാനം നേടിക്കൊടുക്കുന്ന ഐടി മേഖലയെയും പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

തമിഴ്നാടിന് വെള്ളം വിട്ടുനല്കണമെന്ന കാവേരി ട്രൈബ്യൂണൽ വിധിക്കെതിരേ കർണാടക നല്കിയ ഹർജിയിൽ ഈമാസം 18ന് സുപ്രീം കോടതിയിൽ വാദം നടക്കാനിരിക്കേയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്. കാവേരീജലം തുടർച്ചയായി തമിഴ്നാടിനു വിട്ടുകൊടുക്കുകയാണെങ്കിൽ ബംഗളൂരുവിലെയും കാവേരി തീരങ്ങളിലെയും കുടിവെള്ളം മുടങ്ങുമെന്നും സിദ്ധരാമയ്യ കത്തിൽ അറിയിച്ചു. തമിഴ്നാടിനു വെള്ളം നല്കുന്ന കാര്യത്തിൽ സംസ്‌ഥാനത്തിന്റെ നിലപാട് മുതിർന്ന അഭിഭാഷകൻ ഫാലി എസ.് നരിമാൻ സുപ്രീം കോടതിയെ അറിയിക്കും.

കാവേരി നദീജലം തമിഴ്നാടിനു വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് കന്നഡ സംഘടനകൾ വെള്ളിയാഴ്ച സംസ്‌ഥാനവ്യാപകമായി ബന്ദ് നടത്തിയിരുന്നു. ഐടി മേഖലയെ വരെ ബാധിച്ച ബന്ദിൽ ജനജീവിതം സ്തംഭിച്ചു. കന്നഡ, കർഷക സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട സംഘടന ആഹ്വാനം ചെയ്ത ബന്ദിന് കർണാടക രക്ഷണ വേദികെ അടക്കം 1,200 ഓളം സംഘടനകൾ പിന്തുണ നല്കി.

<ആ>മുഖ്യമന്ത്രി ഒളിച്ചോടാൻ ശ്രമിക്കുന്നു: യെദ്യൂരപ്പ

ബംഗളൂരു: കാവേരി വിഷയത്തിൽ കർണാടക തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ. വിഷയത്തിൽ ഇടപെടാൻ പ്രധാനമന്ത്രിയെ നിർബന്ധിച്ചശേഷം രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് യെദ്യൂരപ്പ ആരോപിച്ചു. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാൻ വിഷയത്തിലേക്ക് പ്രധാനമന്ത്രിയെ വലിച്ചിഴയ്ക്കുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, വിഷയം പ്രധാനമന്ത്രി ശ്രദ്ധാപൂർവം കേട്ടതായി മുൻ പ്രധാനമന്ത്രിയും ജെഡി–എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ബന്ദുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു.