സീറോ മലബാർ സഭ കൺവൻഷൻ സെപ്റ്റംബർ 25ന്
Thursday, September 15, 2016 6:47 AM IST
ലണ്ടൻ: സീറോ മലബാർ സഭ ഏഴാമത് ബർമിംഗ്ഹാം അതിരൂപത തലത്തിൽ സെപ്റ്റംബർ 25നു (ഞായർ) നടത്തുന്ന കൺവൻഷനുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ സ്റ്റെച്ച് ഫോർഡിലാണ് കൺവൻഷൻ. 14 മാസ് സെന്ററുകളിലേയും പ്രതിനിധികളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി കൺവീനർ ജിമ്മി മൂലംകുന്നം അറിയിച്ചു.

സീറോ മലബാർ ചാപ്ലെയിൻസിയിലെ രണ്ട് വൈദീകരും 98 അൽമായ പ്രതിനിധികളും അടങ്ങുന്ന കമ്മിറ്റിയാണ് കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നത്.

സ്വീകരണം, ലിറ്റർജി, പ്രോഗ്രാം, ഭക്ഷണം, വോളന്റിയേഴ്സ്, ഫിനാൻസ്, പബ്ലിസിറ്റി തുടങ്ങി നിരവധി കമ്മിറ്റികൾ ഫാ. ജയ്സൺ കരിപ്പായിയുടേയും ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിലിന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

ബ്രിട്ടനുവേണ്ടി പുതിയ രൂപതയും പുതിയ മെത്രാനും പ്രഖ്യാപിക്കപ്പെട്ടതോടുകൂടി ഈ വർഷത്തെ കൺവൻഷനെ വിശ്വാസികൾ വളരെ ആവേശത്തോടെയാണ് കാണുന്നത്. മാർ ജോസഫ് സ്രാമ്പിക്കൽ ഇംഗ്ലണ്ടിൽ ആദ്യമായി പങ്കെടുക്കുന്ന ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മകൂടിയാണ് ഏഴാമത് ബർമിംഗ്ഹാം കൺവൻഷൻ.

<ആ>റിപ്പോർട്ട്: ബെന്നി വർക്കി