സ്റ്റീവനേജിൽ മാതാവിന്റെ തിരുനാൾ സെപ്റ്റംബർ 17ന്
Thursday, September 15, 2016 6:48 AM IST
സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ സീറോ മലബാർ കുർബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു.

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളും അതിനൊരുക്കമായി പൗരസ്ത്യസഭകൾ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബറിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുർബാന പരിശുദ്ധ അമ്മയുടെ ദിനവും തിരുനാളുമായി വിപുലവും ഭക്‌തിനിർഭരവുമായിട്ടാവും ആഘോഷിക്കുക.

കത്തോലിക്കാ സഭ വിശുദ്ധിയുടെ പ്രാർഥനാദിനം ആയി ആചരിക്കുന്ന സെപ്റ്റംബർ 17നു (ശനി) രാവിലെ 9.30 നു സ്റ്റീവനേജിലെ സെന്റ് ഹിൽഡാ ദേവാലയത്തിൽ ജപമാല സമർപ്പണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ഫാ.വിൻസന്റ് ഡയിക്ക് കൊടിയേറ്റ് കർമം നിർവഹിക്കും. സെന്റ് ഹിൽഡ ദേവാലയ വികാരി ഫാ.മൈക്കിൾ തിരുനാളിന് ആതിഥേയത്വം വഹിച്ച് ആശംശകൾ നേരും. സമൂഹ പ്രസുദേന്തി വാഴ്ച, മാതാവിന്റെ രൂപം വെഞ്ചരിക്കൽ, ആഘോഷമായ സമൂഹ ബലി, വാഴ്വ്, പ്രദക്ഷിണം,നേർച്ച വെഞ്ചിരിപ്പ്,സമാപന ആശീർവാദം എന്നിവയ്ക്കുശേഷം സ്നേഹവിരുന്നും നടക്കും. മതബോധന ക്ലാസിന്റെ ഉദ്ഘാടനവും അന്നേദിവസം നടക്കും.

ആഘോഷമായ തിരുനാൾ തിരുക്കർമങ്ങളിൽ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലെയിൻ ഫാ.സെബാസ്റ്റിയൻ ചാമക്കാലായിൽ മുഖ്യ കാർമികത്വം വഹിക്കും. അയർലൻഡിലെ വാട്ടർഫോർഡ് റീജണൽ ഹോസ്പിറ്റൽ ചാപ്ലെയിനും പ്രശസ്ത വചന ശുശ്രൂഷകനുമായ ഫാ.സുനീഷ് മാത്യു തിരുനാൾ സന്ദേശം നൽകും.

തിരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തയായതായി തിരുനാൾ കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക്: പ്രിൻസൺ പാലാട്ടി (ട്രസ്റ്റി) 07429053226, ടെറീന ഷിജി (ട്രസ്റ്റി) 07710176363.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ