അമേരിക്കൻ മലയാളികൾക്ക് ഫൊക്കാന ഓണാശംസ നേർന്നു
Thursday, September 15, 2016 6:49 AM IST
ന്യൂയോർക്ക്: ഒരുമാസം നീണ്ടു നിൽക്കുന്ന അമേരിക്കൻ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ആശംസകൾ നേരുന്നതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു.

1983 മുതൽ അമേരിക്കൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വർഷത്തിൽ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങൾക്ക് പകിട്ടുകൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോർന്നു പോയിട്ടില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പല സ്‌ഥലങ്ങളിലും പല സംഘടനകൾ ഒന്നിച്ചു ഓണം ആഘോഷിക്കുന്നത് കേരളീയ സംസ്കാരത്തിന്റെ തനിമയ്ക്കു മാറ്റുകൂട്ടുന്നു. ജാതി മത വർഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഇവിടെ ഒരു ചിന്തയ്ക്കുമുന്നിൽ ഒന്നാകുന്നു. അതിനു ഇടയാക്കിയ അമേരിക്കൻ മലയാളി സംഘടനകൾക്കും അതിനു നേതൃത്വം നൽകിയ ഫോക്കാനയ്ക്കും വലിയ പങ്കുണ്ട്. ഓണവും വിഷുവും ക്രിസ്മസുമൊക്കെ ഒന്നിച്ചിരുന്ന് ആഘോഷിക്കുന്ന മലയാളികളെ അമേരിക്കയിൽ മാത്രമേ കാണുകയുള്ളു. കാരണം ഇവിടെ ഇവയെല്ലാം നമ്മുടെ ആഘോഷങ്ങൾ ആകുന്നു.

ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതിൽ തുടങ്ങുന്ന ഒരുക്കങ്ങൾ. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലും ആക്കുമ്പോൾ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം. സദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ, ഇവയൊക്കെ കേരളത്തെക്കാൾ മനോഹരമായി നമ്മളെല്ലാം നിറഞ്ഞമനസോടെ തയാറാക്കുന്നു. അത്തം പത്തിനു തിരുവോണം, അതിരാവിലെ വീട്ടുമുറ്റങ്ങളിൽ നിന്നും പറിച്ചെടുത്ത പൂക്കൾ കൊണ്ടു കളമിടൽ. പൂക്കളുടെ നാട്, നിറങ്ങളുടെ കൂടിയാട്ടം, ചുറ്റും കരവിരുത് കാണിക്കുന്ന സുന്ദരികൾ ഇത് ഇവിടെയും പൂത്തുലയുന്നു.

പാട്ടുകൾ, കൂത്തുകൾ, ഓണം പൊടി പൊടിക്കുന്ന ഗ്രാമം. ഈ ഗ്രാമ വിശുദ്ധി അമേരിക്കയിൽ എത്തിച്ചതിൽ അമേരിക്കൻ മലയാളി കൂട്ടായ്മകൾക്കു വലിയ പങ്കുണ്ട്. ഇന്നും നാം വീട്ടിൽ ഓണം ആഘോഷിക്കുന്നതിനേക്കാൾ സംഘടനകളുടെ ഓണാഘോഷത്തിൽ പങ്കാളികൾ ആകുന്നു. അതാണ് ഓണത്തിന്റെ മഹത്വം.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം