ഐഎസ്സിയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 22,23,24 തീയതികളിൽ
Thursday, September 15, 2016 6:52 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 22, 23, 24 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ മസ്കറ്റ് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കും.

ഇരുപതു വർഷങ്ങളായി ഒമാനിലെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ കേരളത്തനിമ നിലനിർത്തികൊണ്ടുതന്നെ അർഹരായ വളരെയധികം പേർക്ക് സഹായങ്ങൾ ഉൾപ്പെടെ എത്തിക്കാൻ മലയാള വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കൺവീനർ ജി.കെ.കാരണവർ പറഞ്ഞു.

22ന് (ശനി) ഇന്ത്യൻ സ്‌ഥാനപതി ഇന്ദ്രമണി പാണ്ഡെ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രഞ്ജി പണിക്കർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ.സതീഷ് നമ്പ്യാർ, ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ ഐഎസ്സി മലയാളവിഭാഗത്തിന്റെ 2016 വർഷത്തെ സാംസ്കാരിക അവാർഡ് രഞ്ജി പണിക്കർക്ക് സമ്മാനിക്കും.

മലയാള വിഭാഗം ഒമാനിൽ 20 വർഷങ്ങൾ പിന്നിട്ടത്തിന്റെ ആഘോഷങ്ങൾ ഏപ്രിൽ 21ന് മലയാളത്തിന്റെ പ്രിയ നടൻ മധുവിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌ഥാനപതിയാണ് ഉദ്ഘാടനം ചെയ്തത്. മലയാള വിഭാഗത്തിന്റെ ഓണാഘോഷങ്ങൾ മേയ്, ജൂൺ മാസങ്ങളിൽ നടത്തിയ കലാ മത്സരങ്ങളോടെയാണ് തുടങ്ങിയത്. സീനിയർ വിഭാഗത്തിൽ നിന്ന് കലാ രത്നം അവാർഡിനും സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ടോപ് സ്കോറേഴ്സ് അവാർഡുകൾക്കു പുറമെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും 23നു നടക്കുന്ന ചടങ്ങിൽ വിശിഷ്‌ടാഥിതി വിതരണം ചെയ്യും. ക്ലബ് അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ കുട്ടികൾക്കും സിബിഎസ്സി പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ അംഗങ്ങളല്ലാത്ത കുട്ടികളെയും ആദരിക്കും. മാതൃ ഭാഷയായ മലയാളത്തിന്റെ ഭോഷണം ലക്ഷ്യമാക്കി പത്താം ക്ലാസിൽ മലയാളത്തിന് ഉന്നത വിജയം കരസ്‌ഥമാക്കിയ മിടുക്കരെയും ചടങ്ങിൽ ആദരിക്കും. തുടർന്നു വൊഡാഫോൺ ഫെയിമുകളായ പന്തളം ഉല്ലാസും ഷാജു ശ്രീധറും അവതരിപ്പിക്കുന്ന ലൈവ് കോമഡി ഷോയും മിമിക്രിയും അരങ്ങേറും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളുടെ പരിസമാപ്തി 24നു (ശനി) വിഭവ സമൃദ്ധമായ ഓണ സദ്യയോടെ സമാപിക്കും. മലയാള വിഭാഗം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ടവർ ഉൾപ്പെടെ 3500 സദ്യ കൂപ്പണുകളാണ് വിതരണം ചെയ്യുക.

റൂവിയിലെ മലയാള വിഭാഗം ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹേമ മാലിനി സുരേഷ്, ബാബുതോമസ്, ശ്രീകുമാർ.എസ്, പ്രണദീഷ് പൊയ്യാൽ, ശ്രീകുമാർ.പി, സുനിൽകുമാർ കൃഷ്ണൻനായർ, പാപ്പച്ചൻ ദാനിയേൽ എന്നിവരും പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം