സെറീനയുടെയും സിമോണിന്റെയും മെഡിക്കൽ ഫയലുകൾ ഹാക്കർമാർ പുറത്തുവിട്ടു
Thursday, September 15, 2016 8:15 AM IST
മോസ്കോ: യുഎസ് ടെന്നീസ് താരം സെറീന വില്യംസ്, ജിംനാസ്റ്റ് സിമോൺ ബൈൽസ് എന്നിവരുടെ മെഡിക്കൽ രേഖകൾ റഷ്യൻ ഹാക്കർമാർ ചോർത്തി പരസ്യപ്പെടുത്തി. സംഭവത്തെ വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി രൂക്ഷമായി വിമർശിച്ചു.

കൂടുതൽ അത്ലറ്റുകളുടെ വിവരങ്ങൾ ഇവരുടെ പക്കലുള്ളതായാണ് വിവരം. റഷ്യൻ താരങ്ങൾ വ്യാപകമായി ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന റിപ്പോർട്ട് അമേരിക്കൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കുന്നവരാണ് ഹാക്കർമാർ.

വിവരം പുറത്തുവന്നതോടെ, താൻ ദീർഘകാലമായി അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡറിനു മരുന്നു കഴിക്കുന്നതായി കൗമാര ജിനാസ്റ്റ് സിമോൺ വെളിപ്പെടുത്തുകയും ചെയ്തു. ഈ മരുന്ന് ഉത്തേജകമാണെന്നാണ് ഹാക്കർമാർ ആരോപിക്കുന്നത്. സിമോൺ ഒളിംപിക്സിൽ മെഡലുകൾ വാരിക്കൂട്ടിയ താരമാണ്.

എന്നാൽ, താനൊരിക്കലും നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നാണ് സിമോൺ വാദിക്കുന്നത്. ഇക്കാര്യം വാഡയും സ്‌ഥിരീകരിച്ചു.

ഹാക്കിംഗിൽ റഷ്യയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സർക്കാർ വക്‌താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ