ബ്രിട്ടീഷ് പാർലമെന്റിൽ ഓണം ആഘോഷിച്ചു
Friday, September 16, 2016 8:21 AM IST
ലണ്ടൻ: പൂവിളിയും പൊന്നാണപ്പാട്ടുകളുമായി ബ്രിട്ടീഷ് പാർലമെന്റിലും ഒണാഘോഷം. എംപിമാരും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുത്ത ഓണസദ്യ മലയാളി കുടിയേറ്റ സമൂഹത്തിന് മറ്റൊരു അംഗീകാരമായി. കേരള ലിങ്കും കേരള ബിസിനസ് ഫോറവും ചേർന്നൊരുക്കിയ ഓണാഘോഷമാണ് പാർലമെന്റ് അംഗങ്ങൾക്കും ഉദ്യോഗസ്‌ഥർക്കും ഒരുപോലെ കൗതുകമായത്.

പാർലമെന്റിന്റെ ജൂബിലി റൂമിൽ നടന്ന ഓണസദ്യ ഒരുക്കിയത് മലബാർ ജംഗ്ഷൻ എന്ന പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്ററന്റാണ്. തങ്ങളുടെ മണ്ഡലങ്ങളിൽ മലയാളികൾ കൂടുതലുള്ള എംപിമാർ കാലേക്കൂട്ടി സദ്യക്കെത്തിയത് കൗതുകമായി. പലരും ഓണസദ്യയെക്കുറിച്ചും ഓണത്തെക്കുറിച്ചുമെല്ലാം പഠിച്ചാണ് എത്തിയത്. മറ്റുള്ളവർ ചോദിച്ചറിഞ്ഞു. സദ്യക്കുശേഷം ബിസിനസ് രംഗത്ത് ശോഭിച്ച മലയാളികൾക്ക് അവാർഡ് സമ്മാനിക്കുന്ന ചടങ്ങും അരങ്ങേറി. എംപി വീരേന്ദ്ര ശർമയും ലൂട്ടൺ മേയർ കരോൾ ഡേവിസ് തുടങ്ങിയവരാണ് ചടങ്ങിൽ വിശിഷ്‌ടാതിഥികളായത്. ബിസിനസ് രംഗത്തുനിന്നും ജോയി ആലുക്കാസ്, മലയാളി ദമ്പതികളായ അനിൽ കുമാർ ആൻഡ് ഷീബ, ജെമിനി കുന്നംചേരിൽ, പദ്മകുമാർ എന്നിവരേയും കേരളത്തിലെ പ്രമുഖ കരാട്ടെ വിദഗ്ധരായ ദിപാങ്ക കൊൻവാർ, പങ്കജ് ഗൊഗോയി, ശന്തനു ഫുകാൻ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിച്ചത്. ചടങ്ങിൽ ലൂലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും പങ്കെടുത്തു.

ലൂട്ടൺ കൗൺസിലറും ഡെപ്യൂട്ടി മേയറുമായ ഫിലിപ്പ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് ഓണസദ്യ സംഘടിപ്പിച്ചത്. കേരള ബിസിനസ് ഫോറം നേതാക്കളായ ടി. ഹരിദാസ്, ബി. ജോർജ്, പയസ് ജോൺ കുന്നശേരി തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ