അഗതികൾക്ക് ഓണസദ്യ വിളമ്പി സോഷ്യൽ ക്ലബ്ബ് മാതൃകയായി
Friday, September 16, 2016 8:22 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം ഇക്കുറി മാതൃകയാകുന്നു. പ്രവാസി മലയാളി ഒന്നാകെ കലാപരിപാടികളോടെ ഓണസദ്യയുണ്ട് ഓണം ആഘോഷിക്കുമ്പോൾ ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വേറിട്ട ചിന്തയുമായി കേരളത്തിലെ ഒരു അഗതിമന്ദിരത്തിൽ ഓണസദ്യ ഒരുക്കി.

സോഷ്യൽ ക്ലബ്ബിന്റെ അന്തർദേശീയ വടംവലി മത്സരവും ഓണാഘോഷവും അമേരിക്കൻ മലയാളി മനസിൽ മാത്രമല്ല ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെടുത്തുകഴിഞ്ഞ ഈ അവസരത്തിൽ അന്നേദിവസം ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ പടമുഖത്ത് പ്രവർത്തിക്കുന്ന സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്കും ഓണസദ്യ വിളമ്പാൻ സൗകര്യം ഒരുക്കുകയായിരുന്നു. ഷിക്കാഗോയിലെ മലയാളികൾക്കായി ഒരുക്കിയ അതേ വിഭവങ്ങൾ സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്കും നൽകി സോഷ്യൽ ക്ലബ്ബ് മാതൃകയായി.

ഒരു നേരത്തെ ഓണസദ്യയ്ക്കു പകരം ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും അവർ അഗതികൾക്കായി വിളമ്പി. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികൾ, അയൽവീട്ടിലെ ദാരിദ്ര്യം അറിയാതിരിക്കുമ്പോൾ സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനം എന്നെന്നും ഓർത്തിരിക്കാനും അനുകരിക്കാനും സാധിക്കണമെന്ന് സോഷ്യൽ ക്ലബ്ബ് പ്രത്യാശിക്കുന്നു.

വരും വർഷങ്ങളിലും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി സോഷ്യൽ ക്ലബ്ബ് മലയാള മനസിൽ നന്മയുടെ അടയാളങ്ങൾ വരച്ചുചേർക്കുമെന്ന് സോഷ്യൽ ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം