ട്രംപിന്റെ ലീഡ് ഉയരുന്നു
Friday, September 16, 2016 8:24 AM IST
ഒഹായൊ: റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനുശേഷം ട്രംപിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽക്കുകയും ഡെമോക്രാറ്റിക്ക് നാഷണൽ കൺവൻഷനുശേഷം ഹില്ലരിയുടെ സാധ്യതകൾക്ക് തിളക്കം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽനിന്നും ഇരുവരുടേയും ജനപിന്തുണയിൽ ഇപ്പോൾ അപ്രതീക്ഷിത വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നതെന്നു സർവേ റിപ്പോർട്ടുകൾ.

സെപ്റ്റംബർ 11നു മെമ്മോറിയൽ ചടങ്ങിൽ ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്‌ഥ്യം ഹില്ലരിയുടെ ആരോഗ്യത്തെക്കുറിച്ചു ആശങ്ക ഉയർത്തിയിരുന്നു. തുടർന്ന് നടന്ന സർവേയിൽ ട്രംപിന്റെ ലീഡ് ഹില്ലരിയേക്കാൾ 6.1 % വർധിച്ചു. തലേദിവസം ട്രംപിന്റെ അനുയായികളെ കുറിച്ചു ഹില്ലരി നടത്തിയ പ്രസ്താവനയും ട്രംപിന് അനുകൂല ഘടകമായി.

14ന് അമേരിക്കയിലെ ഒരു പ്രധാന പത്രം നടത്തിയ തെരഞ്ഞെടുപ്പു സർവേയിൽ ഹില്ലരിയെ പിന്തളളി ട്രംപ് ലീഡ് വർധിപ്പിച്ചിരുന്നു. ട്രംപിന് 46.7 ശതമാനം വോട്ടു ലഭിച്ചപ്പോൾ ഹില്ലരിക്ക് 42 ശതമാനം മാത്രമാണ് പിന്തുണ ലഭിച്ചത്. വീണ്ടും അഞ്ചു പോയിന്റ് ലീഡ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അറാഴ്ചയോളം മാത്രം ശേഷിച്ചിരിക്കെ ട്രംപിന്റെ മുന്നേറ്റം ഹില്ലരി ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി. ന്യൂമോണിയ ബാധിച്ച് വിശ്രമത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഹില്ലരി സജീവമായാലും ക്ലിന്റൺ ഫൗണ്ടേഷൻ, ഇമെയിൽ വിവാദം എന്നിവ ഹില്ലരിയുടെ മുന്നോട്ടുളള കുതിപ്പിന് എത്രമാത്രം കുച്ചുവിലങ്ങിടും എന്ന് അനുയായികൾ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.

തുടർച്ചയായി എട്ടു വർഷത്തെ ഭരണത്തിനുശേഷം വോട്ടർമാർ വീണ്ടും ഡമോക്രാറ്റിക് പാർട്ടിയെ അധികാരത്തിലേറ്റുമോ, അതോ കഴിഞ്ഞകാല ചരിത്രം ആവർത്തിച്ചു റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലേറ്റുമോ എന്നതു പ്രവചനാതീതമാണ്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ