ഡയാൻ ഗുജറാത്തി ഫെഡറൽ ജഡ്ജി
Friday, September 16, 2016 8:24 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് യുഎസ് ഡിസ്ട്രിക്ട് ജഡ്ജിയായി ഡയാൻ ഗുജറാത്തിയെ പ്രസിഡന്റ് ഒബാമ നിയമിച്ചു. സെപ്റ്റംബർ 13നു നടത്തിയ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഒരു മാസത്തിനുളളിൽ ഫെഡറൽ ജഡ്ജിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ ജഡ്ജിയാണ് ഡയാൻ.

അമേരിക്കൻ ജനതയുടെ നീതി നിർവഹണത്തിൽ ഡയാൻ നിർണായക പങ്കുവഹിക്കുമെന്ന് വിശ്വസിക്കുന്നതായി ഒബാമയുടെ നിയമന ഉത്തരവിൽ പറയുന്നു. ഫെഡറൽ ജഡ്ജിയായി മുസ്ലിം സമുദായംഗമായ അബിദ് ഖുറേഷിയെ ആദ്യമായി നിയമിച്ച് ഒബാമ നീതിന്യായ വ്യവസ്‌ഥയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരുന്നു.

2012 മുതൽ ന്യൂയോർക്ക് യുഎസ് അറ്റോർണി ഓഫീസ് ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഡയാൻ. കൊളംബിയയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ ഡയാൻ ദാമോദർ– റൂത്ത് ദമ്പതികളുടെ പുത്രിയാണ് ഡയാൻ. 1960ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നുളള എംകോം ബിരുദധാരിയാണ് ദാമോദർ ഗുജറാത്തി.

സൗത്ത് ഏഷ്യയിൽ നിന്നുളള നിയമ വിദഗ്ദരെ ഫെഡറൽ ജഡ്ജിമാരായി നിയമിക്കുന്നതിൽ പ്രസിഡന്റ് ഒബാമയെ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ അഭിനന്ദിച്ചു. ഒബാമയുടെ നാമനിർദ്ദേശം അതിവേഗം സെനറ്റ് അംഗീകരിച്ച നടപടിയേയും അസോസിയേഷൻ പ്രത്യേകം പ്രശംസിച്ചു. സംഘടനയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും അംഗമായിരുന്നു ഡയാൻ.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ