കർണാടക സിഐഡി ജീവനൊടുക്കിയ സംഭവം; മലയാളി മുൻ മന്ത്രിക്ക് ക്ലീൻ ചിറ്റ്
Saturday, September 17, 2016 7:30 AM IST
ബംഗളൂരു: കർണാടക സിഐഡി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗണപതി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിന് ക്ലീൻ ചിറ്റ്. ജോർജിനെ കൂടാതെ പ്രതികളായ പോലീസ് ഉദ്യോഗസ്‌ഥർ എ.എം പ്രസാദ്, പ്രണബ് മൊഹന്തി എന്നിവരെയും കേസിൽനിന്നും ഒഴിവാക്കി. മഡിക്കേരി കോടതിയിൽ പോലീസ് (സിഐഡി) സമർപ്പിച്ച റിപ്പോർട്ടിലാണ് മൂവരെയും പ്രതിസ്‌ഥാനത്തുനിന്ന് ഒഴിവാക്കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ മൂവർക്കുമെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഐജി (സിഐഡി) കിഷോർ ചന്ദ്ര പറഞ്ഞു.

എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗണപതിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത ആഴ്ച കോടതി ഹർജി പരിഗണിക്കും.

കഴിഞ്ഞ ജൂലൈ ഏഴിനാണ് മംഗളൂരു ഡിവൈഎസ്പി ഗണപതി ജീവനൊടുക്കിയത്. ആത്മഹത്യക്ക് കാരണം കെ.ജെ ജോർജ്, എ.എം പ്രസാദ്, പ്രണബ് മൊഹന്തി എന്നിവരാണെന്ന് വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആരോപിച്ചിരുന്നു. ഇതേ തുടർന്ന് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതോടെയാണ് ജോർജ് മന്ത്രിസ്‌ഥാനം രാജിവച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വലംകൈയായ ജോർജ് ഉടനെ തന്നെ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.