മസ്കറ്റ് മലയാളീസിന്റെ ഇടപെടലിലൂടെ ഏഴു മലയാളികൾ നാടണഞ്ഞു
Saturday, September 17, 2016 8:18 AM IST
മസ്കറ്റ്: ഒമാനിലെ ഇബ്രി എന്ന സ്‌ഥലത്ത് നാലു മാസത്തിലധികമായി ശമ്പളവും താമസസൗകര്യവും ആഹാരവുമില്ലാതെ നാട്ടിലേക്ക് പോകുവാൻ കഴിയാതെ കുടുങ്ങികിടന്ന ഏഴ് മലയാളികളെ മസ്കറ്റ് മലയാളീസ് എന്ന സൗഹൃദ കൂട്ടായ്മ പ്രവർത്തകർ നാട്ടിലേക്ക് അയച്ചു.

ഒമാനിൽ മലയാളികൾക്കിടയിൽ വളരെയധികം പ്രചാരത്തിലുള്ള മസ്കറ്റ് മലയാളീസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരിൽ ഒരാൾക്ക് ലഭിച്ച സന്ദേശത്തെതുടർന്നാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങുവാൻ വഴിയൊരുക്കിയത്. നിർമാണ തൊഴിൽ മേഖലയിൽ ജോലി കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇവരുടെ സ്‌ഥാപനം സ്വദേശിയായ കമ്പനിയുടമ മറ്റൊരു സ്വദേശിക്ക് കൈമാറ്റം ചെയ്തതിനു ശേഷമാണ് ഇവർക്ക് ദുരിതങ്ങൾ ആരംഭിച്ചത്. സ്‌ഥാപനത്തിന്റെ ഉടമസ്‌ഥവകാശവും ഇവരുടെ പാസ്പോർട്ടുകളും പുതിയ ഉടമസ്‌ഥന്റെ കൈയിലും ലേബർ കാർഡ് പഴയ ഉടമസ്‌ഥന്റെ പേരിലും ആയിരുന്നതിനാലാണ് നാട്ടിലേക്ക് തിരിച്ചു പോകുവാൻ നേരിട്ട പ്രധാന കാരണം. ഇവരിൽ പലരുടെയും ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസങ്ങളോളമായിരുന്നു. ഇതുസംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിലും മസ്കറ്റിലെ ഇന്ത്യൻ എംബസിയിലും പരാതികൾ നല്കിയിരുന്നു. യാത്രചെലവും വീസയുടെ പിഴയും കൂടി ഭീമമായ ഒരു തുക ഇവരെ സംബന്ധിച്ച് ഉടനെ കണ്ടെത്തുവാനും സാധിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഇവർ മസ്കറ്റ് മലയാളീസ് കൂട്ടായ്മയുമായി ബന്ധപെട്ടത്.

കൂട്ടായ്മയിലെ അംഗങ്ങൾ നിരവധി തവണ തൊഴിൽ ഉടമസ്‌ഥരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾക്കുശേഷമാണ് കേസുകൾ പിൻവലിപ്പിക്കുകയും പുതിയ തൊഴിലുടമയുടെ കൈയിൽനിന്നും പാസ്പോർട്ട് തിരികെ ലഭിക്കുകയും മടക്ക യാത്ര നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുവാനും സാധിച്ചത്. മാത്രവുമല്ല ഇവരുടെ അവസ്‌ഥ ഫേസ്ബുക്ക് ഗ്രൂപ്പുവഴി പോസ്റ്റു ചെയ്തതിനെത്തുടർന്നു ഒരു സുഹൃത്താണ് ഈ ഏഴുപേർക്കും വിമാനടിക്കറ്റിനും പിഴയ്ക്കും ചെലവായ തുക നൽകിയത്. ഇതിനൊപ്പം എംബസിയിലെ അഭിഭാഷകൻ രാജീവിന്റെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്.