ഇന്ത്യാ ഫെസ്റ്റ് 2016 കിക്കോഫ് വൻ വിജയം
Saturday, September 17, 2016 8:20 AM IST
ഹൂസ്റ്റൺ: ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഒക്ടോബർ 29ന് (ശനി) നടത്തുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ധനശേഖരണാർഥം നടത്തുന്ന കിക്കോഫ് സെപ്റ്റംബർ 11ന് നടന്നു. ആരാധനയോടനുബന്ധിച്ച് നടന്ന കിക്കോഫ് ഇടവക വികാരി റവ. ജോൺസൺ ടി. ഉണ്ണിത്താൻ, സ്പോൺസറന്മാരിൽ ഒരാളായ ജോർജ് കോലച്ചേരിലിന് (സ്റ്റെർലിംഗ് മക്കാൻ ടൊയോട്ട) ആദ്യ ടിക്കറ്റ് നൽകി. ലോഗോ അനാഛാദനവും ചെയ്തു.

മറ്റു സ്പോൺസർമാരായ സൗത്ത് സൈഡ് ഫാർമസി, ട്രസ്റ്റി മാർക്ക് ബാങ്ക്, പ്രോംപ്റ്റ് റിയൽറ്റി, ട്രെൻഡ് മേക്കർ ഹോം, അലാമോ ട്രാവൽസ്, റെജി വി. കുര്യൻ, കോശി ശാമുവൽ എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു. ഇന്ത്യാ ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ചുള്ള ലഘുവിവരണം ജനറൽ കൺവീനർ സബാൻ സാം കൈമാറി. ചടങ്ങിൽ ഇടവക സെക്രട്ടറി അജയ് തോമസ്, ഫാ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.

29ന് (ശനി) രാവിലെ 11 മുതൽ നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിലുളള കലാവിരുന്നും ഹൂസ്റ്റണിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നൃത്തവും വോയ്സ് ആൻഡ് ബീറ്റ്സിന്റെ സംഗീത വിരുന്നും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം ഇടവകയുടെ ബിൽഡിംഗ് ഫണ്ടിനും ജീവകാരുണ്യ പദ്ധതികൾക്കും ഉപയോഗിക്കും.

ഇടവക ഭാരവാഹികളായ അജയ് തോമസ്, ക്രിസ് ചെറിയാൻ, ജോയ് എൻ. ശാമുവൽ, സബാൻ സാം (ജനറൽ കൺവീനർ) എം.എ. ഏബ്രഹാം, ഡോ. സാം ജോസഫ് (സഹ കൺവീനറന്മാർ), സബ് കമ്മിറ്റി കൺവീനർമാരായ തോമസ് മാത്യു, രാജൻ ദാനിയേൽ, വിൽസൺ, സഖറിയ കോശി, അജു ജോൺ, ഏബ്രഹാം കോമാട്ട്, റെജി ഈപ്പൻ, പ്രിജോ ഫിലിപ്പ്സ്, ബിന്ദു വർഗീസ്, ജോജി ജോൺ, റയാൻ വർഗീസ്, സാബു ജോർജ്, മാത്യൂസ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഹൂസ്റ്റണിലുളള ഏവരേയും ജാതിമതഭേദമെന്യേ സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ സബാൻ സാം അറിയിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി