ദുർമയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
Saturday, September 17, 2016 8:27 AM IST
റിയാദ്: റിയാദിൽ നിന്നും 145 കിലോമീറ്റർ അകലെ ദുർമയിൽ കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹങ്ങൾ ഉടനെ നാട്ടിലെത്തിക്കുമെന്നു ഇവർ ജോലി ചെയ്തിരുന്ന കമ്പനിയധികൃതർ അറിയിച്ചു.

തൃശൂർ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകൻ (48), കായംകുളം സ്വദേശി എൻ. ഓമനക്കുട്ടൻ (45) എന്നിവരാണ് ദുർമയിലെ പവ്വർ പ്ലാന്റ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ യാത്ര ചെയ്തിരുന്ന ടൊയോട്ട പ്രാഡോയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞായിരുന്നു അപകടം. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന മാന്നാർ സ്വദേശി പരുമല ബാബു വർഗീസ് (60), കുട്ടനാട് സ്വദേശി ടോം മാത്യു (50), തൃശൂർ സ്വദേശികളായ എം.ബി. മനോജ് (35), വിജയൻ എന്നിവർ വിവിധ ആശുപത്രികളിൽ സുഖം പ്രാപിച്ചു വരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബു വർഗീസും ടോം മാത്യുവും റിയാദിലെ കിംഗ് ഖാലിദ് ആശുപത്രിയിലാണ്. മറ്റുള്ളവർ ദുർമ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇറ്റാലിയൻ കമ്പനിയായ കാർലോ ഗവാസിയിലെ ജീവനക്കാരായ ഇവർ, കമ്പനി കരാറെടുത്ത സൗദി ഇലക്ട്രിക് കമ്പനിയിലെ പദ്ധതി പ്രദേശത്ത് അറ്റകുറ്റപ്പണികൾക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. തിലകനാണ് വണ്ടിയോടിച്ചിരുന്നത്. മൃതദേഹങ്ങൾ മറാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ