അക്ഷരപൂജയായി കെഎച്ച്എൻഎ ആർഷദർശന പുരസ്കാരം
Monday, September 19, 2016 3:00 AM IST
ഷിക്കാഗോ: മലയാള സാഹിത്യലോകത്ത് സനാതനമായ ധാർമ്മികമൂല്യങ്ങൾ ഉയർത്തി സാഹിതീപൂജ നടത്തുന്ന ഒരു എഴുത്തുകാരനെ ഓരോ രണ്ടുവർഷത്തിലും ആർഷദർശന പുരസ്കാരം നൽകി ആദരിക്കുവാൻ കെഎച്ച്എൻഎ തീരുമാനിച്ചു. തത്വമസിയെന്നു നേരത്തെ നാമകരണം ചെയ്തിരുന്ന പുരസ്കാരം ചില സാങ്കേതിക കാരണങ്ങളാലാണ് ആർഷദർശന പുരസ്കാരമായി പുന:നാമകരണം ചെയ്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാര ജേതാവിനെ ഡിസംബർ മാസത്തിൽ മലയാള വൈജ്‌ഞാനിക സാഹിത്യലോകത്തെ ശ്രദ്ധേയ സാന്നിധ്യവും, പ്രിയപ്പെട്ട കഥാകാരനുമായ സി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പ്രഖ്യാപിക്കുന്നതും, ജനുവരിയിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ചു പ്രസിഡന്റ് സുരേന്ദ്രൻ നായർ പുരസ്കാരം സമർപ്പിച്ച് ആദരിക്കുന്നതുമാണ്.

അറിവിന്റെ അക്ഷയഖനികളായ വേദസാഹിത്യത്തെ തുടച്ച് ഉറപ്പുവരുത്തുന്നതിനും സനാതന സാഹിത്യത്തെ വികലമായ മൊഴിമാറ്റത്തിലൂടെയും അപക്വമായ വ്യാഖ്യാനങ്ങളിലൂടെയും മലീമസപ്പെടുത്തുന്നത് തടയുന്നതിനുംവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിൽ നിന്നും സി. രാധാകൃഷ്ണൻ ചെയർമാനായും, രാധാകൃഷ്ണൻ നായർ ചിക്കാഗോ കോർഡിനേറ്ററുമായി കെഎച്ച്എൻഎ സാഹിത്യസമിതി രൂപംകൊണ്ടത്.

അമേരിക്കയിലെ പ്രമുഖ മലയാളി സാഹിത്യകാരി ഡോ. സുശീല രവീന്ദ്രനാഥ്, ഗൃഹാതുരത്വമുണർത്തുന്ന നോവൽ സൃഷ്ടിയിലൂടെ അനുവാചക ഹൃദയം കീഴടക്കിയ ഡോ. വേണുഗോപാലമേനോൻ (ഹൂസ്റ്റൺ), കലാ–സാംസ്കാരിക രംഗങ്ങളിൽ ലോസ്ആഞ്ചലസിൽ നിറസാന്നിധ്യമായ ഗോവിന്ദൻകുട്ടി നായർ, പ്രസ്ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നണി സംഘാടകനും, കെഎച്ച്എൻഎയുടെ സജീവ പ്രവർത്തകനുമായ പ്രസന്നൻ പിള്ള (ഷിക്കാഗോ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

2017 ജനുവരി ഏഴിന് തൃശൂരിൽ വച്ചു നടക്കുന്ന കെഎച്ച്എൻഎ കേരളാ കൺവൻഷന്റെ ഭാഗമായി നടത്തുന്ന സാഹിത്യ സമ്മേളനത്തിൽ മലയാളത്തിന്റെ അഭിമാനമായ എം.ടി. വാസുദേവൻ നായർ മുഖ്യാതിഥിയായിരിക്കുന്നതും, പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ആഷാ മേനോൻ, നാരായണ കുറുപ്പ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ തുടങ്ങിയവർ പങ്കെടുക്കുന്നതുമാണ്. സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം