ഹഡ്സൺവാലി സെന്റ് ജോസഫ് മിഷന്റെ ഓണാഘോഷവും, സിസിഡി ഉദ്ഘാടനവും വർണാഭമായി
Monday, September 19, 2016 3:01 AM IST
ന്യൂയോർക്ക്: ഹഡ്സൺവാലി സെന്റ് ജോസഫ് സീറോ മലബാർ മിഷന്റെ പ്രഥമ ഓണാഘോഷവും, സിസിഡി ഉദ്ഘാടനവും സെപ്റ്റംബർ പതിനൊന്നിനു മിഷൻ പാരീഷ് ഹാളിൽ വർണാഭമായി നടത്തി. ഉച്ചയ്ക്ക് ഒന്നിനു മിഷൻ അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയും തുടർന്ന് പൊതുസമ്മേളനവും സിസിഡി ഉദ്ഘാടനവും നടന്നു. മാവേലി മന്നന്റെ വരവേൽപ്, തിരുവാതിരകളി, സി.സി.ഡി കുട്ടികളുടെ വഞ്ചിപ്പാട്ട്, ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വെറും അഞ്ചുമാസംകൊണ്ട് 35–ൽപ്പരം കുട്ടികൾക്ക് സിസിഡി ക്ലാസ് ഒരുക്കാൻ സാധിച്ചത് മിഷന് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.

സിസിഡി കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സി.സി.ഡി ഉദ്ഘാടന ചടങ്ങിലേക്ക് പ്രിൻസിപ്പൽ ബോബി വണ്ടാനത്ത് എല്ലാവരേയും സ്വാഗതം ചെയ്തു. മിഷൻ ഡയറക്ടർ ഫോ. റോയിസൺ മേനോലിക്കൽ, ബോബി വണ്ടാനത്ത്, മിഷൻ കോർഡിനേറ്റർ ജോമോൻ കാച്ചപ്പിള്ളി, സി. ക്ലയർ, സി.സി.ഡി കുട്ടികളുടെ പ്രതിനിധി ജസ്റ്റിൻ വാളിയംപ്ലാക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ റവ.ഫാ. ജോർജ് ഉണ്ണൂണ്ണി ഭദ്രദീപം കൊളുത്തി സി.സി.ഡി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ഞായറാഴ്ചകളിലും 2.45 മുതൽ 3.45 വരെ സിസിഡിയും തുടർന്നു വൈകുന്നേരം 4 മണിക്ക് മലയാളം കുർബാനയുമുണ്ടായിരിക്കും.



ഇന്നത്തെ സാഹചര്യത്തിൽ പുതിയ തലമുറയ്ക്ക് മതബോധനത്തിന്റേയും, സന്മാർഗ പരിശീലനത്തിന്റേയും ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഫാ, ജോർജ് ഉണ്ണൂണ്ണി പരാമർശിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സിസിഡി ക്ലാസ് ആരംഭിക്കാൻ സാധിച്ചതിൽ ഫാ. റോയിസൺ അധ്യക്ഷ പ്രസംഗത്തിൽ സംതൃപ്തി രേഖപ്പെടുത്തി. സെപ്റ്റംബർ 18–നു ഞായറാഴ്ച മുതൽ പതിവായി സിസിഡി ക്ലാസ് ഉണ്ടായിരിക്കും.

ഓണാഘോഷം ഭംഗിയായി നടത്തുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും, വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അനു മുണ്ടപ്ലാക്കൽ നന്ദി അർപ്പിച്ചു. തുടർന്ന് സിസിഡി കുട്ടികൾക്ക് സിസിഡി ഭാരവാഹികളുടെ വകയായി ബായ്ക്ക് പായ്ക്കും, പുസ്തകങ്ങളും ഫാ. റോയി ചേറ്റാനിയിൽ വിതരണം ചെയ്തു. വൈകുന്നേരം നാലോടെ പരിപാടികൾ സമാപിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം