വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
Monday, September 19, 2016 3:01 AM IST
ന്യൂജേഴ്സി: സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള, മലങ്കര ആർച്ച് ഡയോസിസിൽ ഉൾപ്പെട്ട വാണാക്യൂ സെന്റ് ജയിംസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിലും, ഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും, വൈദീകരുടേയും, വിശ്വാസി സമൂഹത്തിന്റേയും സാന്നിധ്യത്തിലും ഭക്‌ത്യാദരപൂർവ്വം ആചരിച്ചു.

സെപ്റ്റംബർ ഏഴാം തീയതി വൈകിട്ട് ഏഴിനു ദൈവാലയത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയേയും, മെത്രാപ്പോലീത്തയേയും പരമ്പരാഗതരീതിയിൽ വീദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും, അഭി. മോർ തീത്തോസ് തിരുമേനിയുടെ സഹകാർമികത്വത്തിലും വി. കുർബാനയും തുടർന്നു വി. ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്‌ഥ പ്രാർത്ഥനയും നടന്നു.

വി. ദൈവമാതാവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന എളിമയുടേയും, താഴ്മയുടേയും, പ്രാർത്ഥനാജീവിതത്തിന്റേയും പ്രധാന്യത്തെ അധികരിച്ച് ശ്രേഷ്ഠ ബാവയും, ഭദ്രാസന മെത്രാപ്പോലീത്തയും കൽപ്പിച്ച് സംസാരിച്ചു. ഇടവകാംഗങ്ങൾ ദൈവാലയത്തിൽ സമർപ്പിച്ച വി. ദൈവമാതാവിന്റേയും, വി. യാക്കോബ് ൾീഹയുടേയും, ഗീവർഗീസ് സഹദ, മഞ്ഞനിക്കര ബാവ, കോതമംഗലം ബാവ, പരുമല തിരുമേനി എന്നീ വിശുദ്ധരുടെ ഛായാചിത്രങ്ങൾ ശ്രേഷ്ഠ ബാവയും, മോർ തീത്തോസ് തിരുമേനിയും ചേർന്നു അനാച്ഛാദനം ചെയ്തു. ഇടവകയുടെ ചരിത്രം രേഖപ്പെടുത്തിയ കാർഡ് ശ്രേഷ്ഠ ബാവ, ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഇടവകയുടെ ഒമ്പതാമത് വാർഷികം കേക്ക് മുറിച്ച് ശ്രേഷ്ഠ ബാവ നിർവഹിച്ചു. ആശീർവാദം, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമംഗളം സമാപിച്ചു.



ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് ജേക്കബ് ചാലിശേരി, വൈദീകരായ ഫാ. വർഗീസ് പോൾ, ഫാ.ഷാനു, ഫാ. ബിജോ മാത്യു, ഫാ. സാജൻ ജോൺ, ഭദ്രാസന ജോയിന്റ് ട്രഷറർ സിമി ജോസഫ്, സഹോദരി ഇടവകകളിലെ വിശ്വാസികൾ തുടങ്ങി നിരവധി ആളുകൾ പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു. ഇടവക വികാരി ഫാ. ആകാശ് പോൾ, വൈസ് പ്രസിഡന്റ് പൗലോസ് കെ. പൈലി, സെക്രട്ടറി രഞ്ചു സഖറിയ, ട്രസ്റ്റി എൽദോ വർഗീസ്, കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം