ഫ്രട്ടേണിറ്റി ഫോറത്തിന് മറാകിസുൽ അഹ്യായുടെ ആദരം
Monday, September 19, 2016 4:21 AM IST
മക്ക: ഹജ്‌ജ് വോളന്റിയർ സേവനത്തിൽ വ്യവസ്‌ഥാപിതമായ പ്രവർത്തനം നടത്തിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന് സൗദി സന്നദ്ധസംഘടനയായ മറാകിസുൽ അഹ്യായുടെ ആദരം.

കഴിഞ്ഞ ദിവസം മക്കയിലെ മറാകിസുൽ അഹ്യായുടെ ആസ്‌ഥാനത്ത് ഫോറം വോളന്റിയർമാർക്ക് നൽകിയ സ്വീകരണം മറാകിസുൽ അഹ്യാ ഡയറക്ടർ ഡോ. യഹ്യ ബിൻ മുഹമ്മദ് സംസമി ഉദ്ഘാടനം ചെയ്തു. സ്വദേശികളായ ഞങ്ങളെ അല്ലാഹുവിന്റെ അതിഥികൾക്ക് സഹായം നൽകാൻ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ ഇവിടെയെത്തിയ നിങ്ങളേയും ഇതിനായി തിരഞ്ഞെടുത്തു. നമ്മെ മുസ്ലിംകളാക്കി അനുഗ്രഹിച്ച അല്ലാഹുവിന്റെ അതിഥികളായെത്തിയവർക്ക് സേവനം ചെയ്യുകയെന്ന മഹത്തരമായ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ഫ്രട്ടേണിറ്റി ഫോറവുമായി സഹകരിച്ചുള്ള പ്രവർത്തനം പുതിയ അനുഭവമാണ് നൽകിയത്. വരും വർഷങ്ങളിൽ കൂടുതൽ സഹകരണത്തിന് ഈവർഷത്തെ പ്രവർത്തനം സഹായകമാവുമെന്നും തുല്യതയില്ലാത ഹജ്‌ജ് സേവനം നടത്തിയവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകട്ടേയെന്നും അദ്ദേഹം പറഞ്ഞു.

മറാകിസുൽ അഹ്യാ വോളന്റിയർ ഇൻചാർജ് മുഹമ്മദ് സിദ്ദീഖി പരിപാടി നിയന്ത്രിച്ചു. ഫ്രട്ടേണിറ്റി ഫോറം റീജണൽ അംഗങ്ങളായ ഒമർ ഹുസൈൻ, അബ്ദുൽഗനി, മുദ്ദസിർ മംഗലാപുരം, സിറാജ് വാണിയമ്പലം, മക്ക വോളന്റിയർ കോ–ഓർഡിനേറ്റർ ഖലീൽ, ക്യാപ്റ്റൻ അബ്ദുൽ ഗഫ്ഫാർ എന്നിവർ സംബന്ധിച്ചു. മുനീർ ഒമർ ഹുസൈൻ ഖിറാഅത്ത് നടത്തി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ