മലയാളി അസോസിയേഷൻ ഓഫ് സൗതേൺ കണക്ടിക്കട്ട് ഓണം ആഘോഷിച്ചു
Monday, September 19, 2016 4:30 AM IST
കണക്ടിക്കട്ട്: മലയാളി അസോസിയേഷൻ ഓഫ് സൗതേൺ കണക്ടിക്കട്ടിന്റെ ആഭിമുഖ്യത്തിൽ ഒമ്പതാമത് വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. സെപ്റ്റംബർ 18ന് ട്രംപ്ബുൾ മാഡിസൺ മിഡിൽ സ്കൂളിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

സ്ത്രീകളും കുട്ടികളും യുവാക്കളും പുരുഷന്മാരും പരമ്പരരാഗത വേഷത്തിലെത്തി അത്തപ്പൂക്കളം ഒരുക്കി. തുടർന്നു മാസ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിലവിളക്ക് തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുമേന്തിനിന്ന സ്ത്രീകളുടെ അകമ്പടിയോടെ എത്തിയ മാവേലിതമ്പുരാൻ സ്വീകരണത്തിനുശേഷം സന്ദേശം നൽകി. തുടർന്നു കലാപരിപാടികൾക്കു തുടക്കമായി.

തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറി. ഭരതനാട്യം, ഫുഷൻ, ബോളിവുഡ്, നാടോടിനൃത്തം, ഓട്ടൻതുള്ളൽ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

ഏകദേശം നാനൂറോളം പേർ പങ്കെടുത്ത ആഘോഷത്തിൽ സംബന്ധിച്ച ഏവർക്കും മാസ്കോൺ പ്രസിഡന്റ് ഉണ്ണി തോയക്കാട്ട് നന്ദി പറഞ്ഞു.

റിപ്പോർട്ട്: അജയ് ഘോഷ്