സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഭക്‌തിസാന്ദ്രമായി
Monday, September 19, 2016 8:00 AM IST
സ്റ്റീവനേജ്:വെസ്റ്റ് മിനിസ്റ്റർ അതിരൂപതയിലെ സീറോ മലബാർ കുർബാന കേന്ദ്രമായ സ്റ്റീവനേജിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഭക്‌തിസാന്ദ്രമായി.

ജപമാലയോടെ ആരംഭിച്ച തിരുനാൾ ആഘോഷത്തിന് സ്റ്റിവനേജ് സെന്റ് ജോസഫ് പാരീഷ് പ്രീസ്റ്റ് ഫാ. വിൻസെന്റ് ഡയിക്ക് കൊടിയേറ്റ് കർമം നിർവഹിച്ച് സന്ദേശം നൽകി. സ്റ്റീവനേജിലെ വിശ്വാസി സമൂഹം ഒന്നായി ഏറ്റെടുത്തു നടത്തിയ തിരുനാളിൽ സമൂഹ പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതാവിന്റെ രൂപം വെഞ്ചരിക്കൽ കർമം ഫാ. സുനീഷ് നിർവഹിച്ചു.

തുടർന്നു നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് വെസ്റ്റ് മിനിസ്റ്റർ അതിരൂപത ചാപ്ലിൻ സെബാസ്റ്റ്യൻ ചാമക്കാലായിൽ നേതൃത്വം നൽകി. ചാപ്ലിൻ ഫാ. സുനീഷ് മാത്യു മേമന തിരുനാൾ സന്ദേശം നൽകി. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു നടന്ന ആഘോഷമായ പ്രദക്ഷിണം വിശ്വാസ പ്രഘോഷണ റാലിയായി മാറി. തിരുനളിനോടനുബന്ധിച്ച് മാതാവിന്റെ രൂപം മുത്തലും നേർച്ച വിതരണവും കഴുന്നെടുക്കലും നടന്നു. ലദീഞ്ഞിനുശേഷം നേർച്ച വെഞ്ചിരിപ്പ്, സമാപന ആശീർവാദം എന്നിവയ്ക്കുശേഷം വിശ്വാസ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്നേഹ വിരുന്നോടെ ഈ വർഷത്തെ തിരുനാളിനു സമാപനമായി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ