സർഗം ഓണോത്സവം പ്രൗഢ ഗംഭീരമായി
Monday, September 19, 2016 8:03 AM IST
സ്റ്റീവനേജ്: സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ നേതൃത്വം നൽകിയ ഓണോത്സവത്തിന് പ്രൗഢഗംഭീരമായ പരിസമാപ്തി. ബാർക്ലെയ്സ് സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികൾ. ഓണപ്പൂക്കളം ഒരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേക്ക് ആനയിച്ചു. തുടർന്നു ഭാരവാഹികൾക്കൊപ്പം വിളക്കുതെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കേരള തനിമയിൽ തയാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും സർഗം കുടുംബാംഗങ്ങൾക്കു സംഗീത സാന്ദ്രത പകർന്ന ഗാനമേളയും പാട്ടും ഡാൻസും സ്ക്രിപ്റ്റും ഓണപ്പാട്ടുകളും തിരുവാതിരയും പൊന്നോണം 2016 നെ അവിസ്മരണീയമാക്കി. ചടങ്ങിൽ സർഗം കുടുംബാംഗങ്ങളിൽ നിന്നും 2016 ൽ ജിസിഎസ്ഇ, എലെവൽ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിക്കുകയും പൊന്നോണം 2016 ലെ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

1930 കൾ മുതൽ ഓണാഘോഷങ്ങളിൽ പങ്കെടുത്തുവരുന്ന കണ്ണൂർ സ്വദേശിയായ റിട്ട. അധ്യാപകൻ സി.സി.കുഞ്ഞിരാമൻ നമ്പ്യാർ, കിംഗ് ജോർജ് അഞ്ചും ആറും ഭരണ കാലഘട്ടത്തിലും രണ്ടാം ലോകമഹായുദ്ധമടക്കം ഇന്ത്യയുടെ സ്വാതന്ത്ര പോരാട്ട നാളുകളിലും ശേഷവും പങ്കെടുത്ത ഓണാനുഭവങ്ങൾ പങ്കുവച്ചത് സർഗം കുടുംബാംഗങ്ങൾക്ക് അവാച്യമായ അനുഭവമായി മാറി.

ഇവാ റിച്ചി തിരുവോണ ആഘോഷത്തിൽ ആമുഖമായി നടത്തിയ വ്യത്യസ്തത നിറഞ്ഞ അവതരണം ശ്രദ്ധേയമായി. ബോസ് ലൂക്കോസ് മുഖ്യ അവതാരകനായും ജെയ്മ്സൺ തോമസ്, ഷെഫിൻ സാജു,

ടാനിയ തങ്കച്ചൻ, നിഖിത ജോഷി എന്നിവർ സഹ അവതാരകരായും തിളങ്ങി. നാനൂറോളംപേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

സർഗം പ്രസിഡന്റ് ജോണി കല്ലടാന്തിയിൽ, ഖജാൻജി തോമസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. റിച്ചി മാത്യു, ഡാനിയേൽ മാത്യു, സജീവ് ദിവാകരൻ, ജിബിൻ, അജയഘോഷ്, മെൽവിൻ, മനോജ് സെബാസ്റ്റ്യൻ, സിജോ ജോസ്, സിബി ഐസക്, ഷൈനി ബെന്നി എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ