ട്രൈസ്സ്റ്റേറ്റ് കേരള ഫോറം കർഷകരത്നം അവാർഡ് സമ്മാനിച്ചു
Monday, September 19, 2016 8:05 AM IST
ഫിലഡൽഫിയ: വിളവെടുപ്പിന്റെ ഉത്സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരള ഫോറം, ട്രൈസ്സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കണ്ടെത്താനുള്ള മത്സരത്തിൽ ബൻസേലം ടൗൺഷിപ്പിൽനിന്നുള്ള എം.എ. മാത്യു കർഷകരത്നം അവാർഡിന് അർഹനായി.

ഫിലാഡൽഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഓർഗാനിക് കൃഷിയിലേക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കർഷകരത്നം അവാർഡ് ഏർപ്പെടുത്തിയത്.

കൃഷിയിൽ തത്പരരും നിപൂണരുമായ നിരവധിപേർ മത്സരത്തിൽ പങ്കെടുത്തു. വിത്തൂൽപാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിർണയം നടത്തിയത്. മത്സരത്തിൽ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യത്തിന്റെ തെളിവാണ് അവാർഡുജേതാവായ എം.എ മാത്യുവിന്റെ കൃഷിത്തോട്ടമെന്നു അവാർഡ് കോഓർഡിനേറ്റർ മോഡി ജേക്കബ് പറഞ്ഞു.

ട്രൈസ്സ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ അധ്യക്ഷത വഹിച്ച സാംസ്ക്കാരിക സമ്മേളനത്തിൽ ജേതാവിന് അതിഥി റസ്റ്ററന്റിന്റെ പേരിലുള്ള എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും സ്വാമി ഉദിദ് ചൈതന്യയും കർഷരത്നം സ്പോൺസറായ സജി കരിംകുറ്റിയിൽ ചേർന്ന് സമ്മാനിച്ചു. രണ്ടാം സമ്മാനം ബ്രുമ്മാളിൽ നിന്നുള്ള ഏലിയാമ്മ തോമസും മൂന്നാം സമ്മാനം ഫിലാഡൽഫിയായിൽനിന്നുള്ള രാജൻ സാമുവലും ശോശാമ്മ ചെറിയാനും പങ്കിട്ടു. പ്രോത്സാഹന സമ്മാനം മേരി ചെറിയാൻ സ്വന്തമാക്കി.

ജീമോൻ ജോർജ്, തോമസ് പോൾ, സുരേഷ് നായർ എന്നിവർ നേതൃത്വം നൽകി. മോഡി ജേക്കബ്, അലക്സ് തോമസ്, ജോർജ് ഓലിക്കൽ, സജി കരിംകുറ്റിയിൽ എന്നിവർ വിധികർത്താക്കളായിരുന്നു.