കേരള പ്രീമിയർ ലീഗ് ഓസ്ട്രേലിയ മൂന്നാം സീസണിലേക്ക്
Monday, September 19, 2016 8:07 AM IST
മെൽബൺ: മെൽബൺ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗ് ഓസ്ട്രേലിയ മൂന്നാം സീസണിനു നവംബർ ആറു മുതൽ തുടക്കമാകും.

മെൽബണിലെ വിവിധ ഗ്രൗണ്ടുകളിലായി ഞായറാഴ്ചകളിലാണ് ലീഗ് മത്സരങ്ങൾ. മെൽബണിലെ പത്ത് മലയാളി ക്രിക്കറ്റ് ടീമുകളാണ് മൂന്നാം സീസണിൽ പങ്കെടുക്കുന്നത്. ജേതാക്കൾക്ക് 2500 ഡോളറും എവർ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി 751 ഡോളറും എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മത്സരങ്ങൾക്ക് മുൻപായി കളിക്കാർക്കുവേണ്ടി ഡിന്നർ നെറ്റും ഒരുക്കിയിട്ടുണ്ട്.

മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ മെൽബണിലെ സ്പോർട്സ് ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തിയ ആദ്യ രണ്ടു സീസൺ മത്സരങ്ങളും വൻ വിജയമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. ആദ്യ സീസണിൽ വെസ്റ്റേൺ ടൈഗേഴ്സും രണ്ടാം സീസണിൽ ജോണി വാക്കേഴ്സുമായിരുന്നു വിജയികൾ. എല്ലാ ടീമുകളുടെയും കളിക്കാരുടെയും കളികളുടെയും സമ്പൂർണ വിവരങ്ങൾ അടങ്ങിയ www.kplaustralia.com.au എന്ന പോർട്ടലും രണ്ടാം സീസൺ മുതൽ ഒരുക്കിയിട്ടുണ്ട്.