മാർ നിക്കോളോവോസ് പങ്കെടുക്കും
Monday, September 19, 2016 8:08 AM IST
ന്യൂയോർക്ക്: ഇസ്രയേലിലെയും പാലസ്തീനിലെയും പരിഹാരമില്ലാതെ തുടരുന്ന സംഘർഷാവസ്‌ഥ സംബന്ധിച്ച് വാഷിംഗ്ടണിൽ നടക്കുന്ന ആലോചന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സഖറിയ മാർ നിക്കോളോവോസ് പങ്കെടുക്കും.

വിശുദ്ധ നാട്ടിലെ നിലവിലുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് ആഗോള, പ്രാദേശികതലത്തിലുള്ള നേതാക്കളെയും യുഎസ് മത നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും താഴെതട്ടിലുള്ള പ്രവർത്തകരെയും ബോധവത്കരിക്കുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം.

വിമോചനത്തിന്റെയും സാർവത്രിക അനുരഞ്ജനത്തിന്റെയും പുണ്യഭൂമിയായ വിശുദ്ധനാടുകൾ പതിറ്റാണ്ടുകളായി യുദ്ധത്തിന്റെയും കാലുഷ്യത്തിന്റെയും അസ്വസ്‌ഥതകളുടെയും മരണത്തിന്റെയും നാടുകളായി മാറിയിരിക്കുന്നു. ലോകത്തെ എല്ലാ ക്രിസ്തീയ സമൂഹങ്ങളുടെയും വിശ്വാസത്തിന്റെ വേരുകൾ വിശുദ്ധ നാടുകളിലാണുള്ളത്. അതുകൊണ്ടുതന്നെ വിശുദ്ധ നാടുകളിലെ മുറിവുണങ്ങുന്നതിനായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ ലോകത്തിന്റെ എല്ലായിടത്തുമുള്ള ക്രിസത്യാനികൾക്കും കടമയുണ്ട്. സമാധാനത്തിനും നീതിക്കുമായുള്ള ശ്രമങ്ങൾ ഒരേ തലത്തിൽ നീങ്ങിയാലേ വർഷങ്ങളായുള്ള ഇവിടുത്തെ രക്‌തച്ചൊരിച്ചിലിന് അറുതിവരുത്താനാകൂ. അവിടെയുള്ള ജനത്തിന് സമാധാനവും മോചനവും പരസ്പര സഹകരണവും സാധ്യമാകൂ – മാർ നിക്കോളോവോസ് ചൂണ്ടിക്കാട്ടി.

ഇപ്പോൾ നടത്തുന്ന ചർച്ചകളിലൂടെ വിശുദ്ധ നാടുകളിലെ ശാശ്വതസമാധാനത്തിന് ഉചിതമായതും നീതിപൂർവവുമായ നടപടികൾ സ്വീകരിക്കാൻ യുഎസ് ഭരണത്തെയും കോൺഗ്രസിനെയും പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡബ്ല്യുസിസിയും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും. നിലവിൽ ഡബ്ല്യുസി സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് മാർ നിക്കോളോവോസ്.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ