സൗഹൃദം പൂത്തുലഞ്ഞ് ‘ഈണം 2016’
Monday, September 19, 2016 8:10 AM IST
ഫർവാനിയ: വെൽഫയർ കേരള കുവൈത്തിന്റെ ഫർവാനിയ മേഖല ‘ഈണം 2016’ എന്ന പേരിൽ ഈദ് –ഓണം സംഗമം നടത്തി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നാനൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ കുടുംബിനികൾ വീട്ടിൽ തയാറാക്കിയ ഓണസദ്യയും ഓണപൂക്കളവും കുട്ടികളുടെ കലാപരിപാടികളും തുടർന്ന് നൗഫൽ, ഹുസ്ന തുടങ്ങിയവരുടെ നേതൃത്വത്തിൽ കരോക്കെഗാനമേളയും അരങ്ങേറി.

സംഗമം കേന്ദ്ര സെക്രട്ടറി റസീന മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. സാഹോദര്യം തകർക്കപ്പെടുന്ന ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെടുന്ന, രാജ്യത്തിന്റെ സാംസ്കാരിക ചരിത്രം തന്നെ വളച്ചൊടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകളുടെ പ്രസക്‌തി ഏറിവരികയാണെന്നും സ്നേഹത്തിനും സാഹോദര്യത്തിനും നന്മക്കുമായി എന്നും ഐക്യത്തോടെ നിലകൊള്ളണമെന്നും അവർ സദസിനെ ഓർമിപ്പിച്ചു.

ഫർവാനിയ മേഖല പ്രസിഡന്റ് അഫ്താബ് ആലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ വാഹിദ്, കേന്ദ്ര പ്രസിഡന്റ് ഖലീലു റഹ്മാൻ, സനോജ്, അനിയൻകുഞ്ഞ്, ശൗക്കത്ത് വളാഞ്ചേരി, മിനി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ