ന്യൂജേഴ്സിയിൽ സംഗീത ഷോ ‘ഇസൈജ്‌ഞാനി ഇളയരാജ’ സെപ്റ്റംബർ 24ന്
Tuesday, September 20, 2016 4:41 AM IST
ന്യൂയോർക്ക്: പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംഗീത സന്ധ്യ സെപ്റ്റംബർ 24ന് (ശനി) ന്യൂജേഴ്സി ന്യൂവാർക്കിലെ പ്രഡൻഷ്യൽ സെന്ററിൽ നടക്കും.

വൈകുന്നേരം ഏഴിനു തുടങ്ങുന്ന പരിപാടിയിൽ കേരളത്തിന്റെ വാനമ്പാടി ചിത്ര മലയാളം ഗാനങ്ങളും ഗായകൻ മനോ തെലുങ്കു ഗാനങ്ങളും ആലപിക്കുന്ന ഈ സംഗീത വിരുന്നിൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകരായ എൻ.എസ്.കെ. രമ്യ, കാർത്തിക്, അനിത, പ്രിയ, ഭാവതരിണി തുടങ്ങിയവരും ലൈവ് ഓർക്കസ്ട്രയോടെ പങ്കെടുക്കും.

ഇളയരാജ തമിഴ് ഗായകനും സംഗീത സംവിധായകനുമാണെങ്കിലും മലയാളത്തിലും സംവിധാനം ചെയ്യുകയും പാടുകയും ചെയ്തിട്ടുണ്ട്. തമിഴർക്കെന്ന പോലെ മലയാളികൾക്കും പ്രിയംകരനാണ് അദ്ദേഹം. ലോക ചലച്ചിത്രഗാന രംഗത്തെ ആദ്യത്ത് പത്ത് പ്രതിഭകളിൽ ഒരാളായി ആദരിക്കപ്പെടുന്ന അദ്ദേഹത്തെ ഇസൈജ്‌ഞാനി എന്നു വാഴ്ത്തുന്നു. ഷോയ്ക്കും പദ്മ ഭൂഷൺ ഇസൈജ്‌ഞാനി ഇളയ രാജ (ദി മയിസ്ട്രോ ഇളയരാജ) എന്നാണു പേരു നല്കിയിരിക്കുന്നത്.

കലിഫോർണിയ, വാഷിംഗ്ടൺ, ജോർജിയ എന്നിവിടങ്ങളിലെ വിജയകരമായ ഷോകൾക്കുശേഷമാണ് ന്യൂജേഴ്സിയിൽ പരിപാടി സംഘടിപ്പിക്കുന്നത്. 8കെ മൈൽസ് മീഡിയ ആണ് പ്രധാന സ്പോൺസർ. സംഗീത ലോകത്തെ അതികായകർ അണിനിരക്കുന്ന ഇത്തരമൊരു പരിപാടി മുൻപ് ഉണ്ടായിട്ടില്ലെന്ന് സംഘാടകർ അവകാശപ്പെട്ടു.

വിലാസം: പ്രഡൻഷ്യൽ സെന്റർ, 25 ലഫയെറ്റ് സ്ട്രീറ്റ്, ന്യൂവാർക്ക്, ന്യൂജേഴ്സി 07102.

https://goo.gl/lcNlKd എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് വാങ്ങാം. ഈ കോഡ് (NJTA20 or NJTS20) നല്കിയാൽ 20 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.

വിവരങ്ങൾക്ക്: 7325157189

റിപ്പോർട്ട്: ജോസ് കാടാപ്പുറം