യുക്മ ദേശീയ കലാമേള: പരിഷ്കരിച്ച നിയമാവലി പ്രസിദ്ധീകരിച്ചു
Tuesday, September 20, 2016 4:41 AM IST
ലണ്ടൻ: യുകെ പ്രവാസി മലയാളികളുടെ കലാ മാമാങ്കമായ യുക്മ കലാമേളകൾക്ക് കേളികൊട്ടുയരാൻ ഇനി ഏതാനും ആഴ്ചകൾ കൂടി മാത്രം ബാക്കിനിൽക്കെ യുകെയിലെ കലാകാരന്മാരും കലാകാരികളും മത്സരങ്ങൾക്കുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.

കലാമേളയുടെ ഗുണനിലവാരം വർധിപ്പിക്കുവാനും സംഘാടനം കൂടുതൽ മികവുറ്റതാക്കാനും പ്രാപ്തമാക്കുന്ന വിലയിരുത്തലുകളും നിർദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം വിനിയോഗിച്ചുകൊണ്ട് യുക്മ സ്നേഹികളും കലാരംഗത്തു പ്രവർത്തിക്കുന്നവരുമായ ഒരുപാട് സുഹൃത്തുക്കൾ യുക്‌തി സഹമായ നിരവധി അഭിപ്രായങ്ങൾ അറിയിക്കുകയുണ്ടായി. ഓരോ വർഷങ്ങൾ കഴിയുംതോറും യുക്മ കലാമേളകളുടെ ജനപ്രീതി വർധിക്കുന്നത് ഇത്തരം പുത്തൻ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ട് കൂടിയാണ്.

കലാമേളയുടെ പ്രത്യേക അവാർഡുകളായ കലാതിലകം, കലാപ്രതിഭ തെരഞ്ഞെടുപ്പുകൾക്കുള്ള മാനദണ്ഡങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധേയമാണ്.

യുക്മ കലാമേളയിലെ മത്സര വിഭാഗങ്ങളുടെ പ്രായപരിധി, മത്സര ഇനങ്ങൾ, മത്സരങ്ങൾക്കുള്ള സമയപരിധി, വിധി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ, മത്സരാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സംഘാടകർക്കുമുള്ള പൊതു നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ ഇമാനുവലിന്റെ 2016 ലെ പരിഷ്കരിച്ച പതിപ്പ് പരിശോധിക്കുവാൻ ലഭ്യമാണ്. യുക്മ നേതാക്കൾകൾക്കൊപ്പം, കലാമേള സംഘാടകർക്കും മത്സരത്തിൽ പങ്കെടുക്കുന്നവർക്കും വിധികർത്താക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്നതിനാലാണ് ഇമാനുവൽ പൊതുവായി പ്രസിദ്ധീകരിക്കുന്നത്.

കലാമേളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് യുക്മ ദേശീയ ജനറൽ സെക്രട്ടറിയും കലാമേള ചീഫ് പ്രോഗ്രാം കോഓർഡിനേറ്ററുമായ സജീഷ് ടോമിനെയോ 07706913887, കലാമേള ദേശീയ ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പിനെയോ 07885467034 ബന്ധപ്പെടുക.

പരിഷ്കരിച്ച ഇമാനുവൽ കാണുവാൻ file:///C:/Users/sajis/Desktop/UUKMA%20KALAMELA%20E-MANUAL%202016%20(3).pdf എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റിപ്പോർട്ട്: അനീഷ് ജോൺ