ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ഉപനിഷത് ഗംഗ സപ്താഹത്തിന് ഗംഭീര തുടക്കം
Tuesday, September 20, 2016 4:44 AM IST
ന്യൂയോർക്ക്: ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ഉപനിഷത് ഗംഗ എന്ന കഠോപനിഷത് സപ്താഹം സെപ്റ്റംബർ 17ന് വൈകുന്നേരം ആറു മുതൽ സ്വാമി ഉദിത് ചൈതന്യജിയുടെ കാർമികത്വത്തിൽ തുടക്കമായി.

സ്വാമി ഉദിത് ചൈതന്യജി, ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ട്രസ്റ്റിമാരായ രാം പോറ്റി, ഡോ. നിഷാ പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നു ഉപനിഷത്തുകളെക്കുറിച്ചും സത്സംഗങ്ങളുടെ ആവശ്യകതയെക്കുറിച്ചും സ്വാമിജി വിശദമായി സംസാരിച്ചു.

സുപ്രസിദ്ധ ഗായിക അനിത കൃഷ്ണൻ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. പിന്നണിയിൽ വയലിനിൽ കൃപാ ശേഖറും മൃദംഗത്തിൽ ശ്രീനാഥ് വിശ്വനാഥും അകമ്പടി സേവിച്ചു. തുടർന്ന് മയൂരാ സ്കൂൾ ഓഫ് ആർട്സിലെ ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തിൽ നൃത്ത നൃത്യങ്ങൾ അരങ്ങേറി. താമര രാജീവ് എംസി ആയി പ്രവർത്തിച്ചു. പ്രസാദ വിതരണത്തോടെ ആദ്യ ദിവസത്തെ പരിപാടികൾ അവസാനിച്ചു.

ശ്രീനാരായണ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിനുവേണ്ടി ഡോ. പ്രഭാ കൃഷ്ണൻ, നായർ ബനവലന്റ് അസോസിയേഷൻ വിമൻസ് ഫോറം ചെയർപേഴ്സൺ ചിത്രജാ മോഹൻ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ്, എൻബിഎ പ്രസിഡന്റ് ശോഭ കറുവക്കാട്ട്, ഡോ. സ്മിത പിള്ള, ബാഹുലേയൻ രാഘവൻ, ഡോ. ഉണ്ണികൃഷ്ണൻ തമ്പി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നാരായണൻ