ന്യൂയോർക്ക് സ്ഫോടനം: സൂത്രധാരനെ കുടുക്കാൻ സഹായിച്ചത് ഇന്ത്യൻ വംശജൻ
Tuesday, September 20, 2016 5:49 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ മൻഹാട്ടനിലും ന്യൂജേഴ്സിയിലും ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അഫ്ഗാൻ വംശജനായ അമേരിക്കൻ പൗരൻ അഹമ്മദ് ഖാൻ റഹ്മിയെ(28) പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജൻ. ന്യൂജേഴ്സിയിലെ മദ്യശാലയുടെ ഉടമയായ ഹരീന്ദർ ബെയിൻസിന്റെ അവസരോജിത നീക്കമാണ് ഭീകരവാദിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

മദ്യശാലയുടെ വെളിയിൽ കിടന്നുറങ്ങുകയായിരുന്നു റഹ്മിയെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. മദ്യപിച്ച് ബോധം പോയതാകാമെന്നു കരുതി ഉണർത്താൻ ചെന്നപ്പോൾ വാർത്ത ചാനലുകളിൽ വന്ന ഭീകരാക്രമണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ വിവരം അറിയിക്കുകയും പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനിടെ റഹ്മിയും പോലീസും തമ്മിൽ വെടിവയ്പു നടന്നു. വെടിവയ്പിൽ രണ്ടു പോലീസ് ഓഫീസർമാർക്കും റഹ്മിക്കും പരിക്കേറ്റു. ശരീരത്തിൽ വെടിയേറ്റ റഹ്മിയെ സ്ട്രെച്ചറിലാണ് കൊണ്ടുപോയത്.

മൻഹാട്ടനിലും ന്യൂജേഴ്സിയിലും ശനിയാഴ്ച നടന്ന സ്ഫോടനങ്ങളിൽ 29 പേർക്കു പരിക്കേറ്റു.മൻഹാട്ടനിലെ ചെൽസിയ ഡിസ്ട്രിക്ടിൽ പ്രഷകുക്കർ ബോംബാണ് ഇവിടെ ഉപയോഗിച്ചത്. മൻഹാട്ടനിലെ സ്ഫോടനത്തിനു മുമ്പ് ന്യൂജേഴ്സിയിലെ സീസൈഡ്പാർക്കിൽ ബോംബ് സ്ഫോടനം നടന്നു. ആർക്കും പരിക്കേറ്റില്ലായിരുന്നു.