കുവൈത്തിൽ സുരക്ഷ കർശനമാക്കി
Tuesday, September 20, 2016 8:01 AM IST
കുവൈത്ത്: കുവൈത്തിൽ സുരക്ഷാ സംവിധാനം ശക്‌തമാക്കി. ആശൂറ പ്രമാണിച്ചാണ് പുതിയ നടപടികളെന്നാണ് കരുതുന്നത്. അതിനിടെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്ന് സ്‌ഥിതി ഗതികൾ വിലയിരുത്തുകയും അടിയന്തര സാഹചര്യങ്ങൾ നേരിടുവാനും അത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ തീവ്രവാദ ബന്ധമുള്ള സംഘങ്ങളെയും വ്യക്‌തികളെയും സൂക്ഷ്മമായി നിരീക്ഷിക്കുവാനും മന്ത്രാലയം ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിലാണ് ഷിയാ പള്ളിയിൽ ചാവേരാക്രമണം നടന്നത്. ആശുറ ആഘോഷങ്ങളുടെ ഭാഗമായി ശിയാക്കളുടെ ഘോഷയാത്രക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും പിന്തുണ അഭ്യർഥിച്ച് ആഭ്യന്തര മന്ത്രാലയം, പോലീസുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ