സിഡ്നിയിൽ ‘കൃപാഭിഷേകം 2016’ സെപ്റ്റംബർ 24, 25, 26 തീയതികളിൽ
Tuesday, September 20, 2016 8:03 AM IST
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത രണ്ടാം വാർഷികാഘോഷവും ‘കൃപാഭിഷേകം 2016’ ബൈബിൾ കൺവൻഷനും സെപ്റ്റംബർ 24, 25, 26 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സിഡ്നിയിലെ ക്യാംപ്വെൽടൗണിലുള്ള സെന്റ് ഗ്രിഗറിസ് കോളജ് ഹാളിൽ നടക്കും.

അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് കൺവൻഷൻ നയിക്കുന്നത്. മെൽബൺ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ളവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ പങ്കെടുക്കും.

24ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൺവൻഷന്റെ ഉദ്ഘാടനം മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. തുടർന്ന് ഫാ. ഡൊമിനിക് വളമാനാലിന്റെ നേതൃത്വത്തിൽ*ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെ കൺവൻഷൻ സമാപിക്കും.

25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശുശ്രൂഷകൾ ആരംഭിക്കും. രൂപതയുടെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം വൈകുന്നേരം 4.30 ന് നടക്കും. മാർ ബോസ്കോ പുത്തൂർ, വോളഗോംഗ് രൂപത അധ്യക്ഷൻ ബിഷപ് പീറ്റർ ഇൻഗാം, ഓസ്ട്രേലിയയിലെ മാരോണൈറ്റ് രൂപത അധ്യക്ഷൻ ബിഷപ് ആന്റോണി റ്റരാബെ, ഓസ്ട്രേലിയൻ മൾട്ടികൾചറൽ മിനിസ്റ്റർ ജോൺ അജാക്ക, കാംഡെൻ എംപി ക്രിസ് പാറ്റേഴ്സൺ, മക്കാർതർ എംപി മൈക്ക് ഫ്രീലാൻഡർ തുടങ്ങിയ വിശിഷ്ട വ്യക്‌തികൾ പങ്കെടുക്കും. കൺവൻഷൻ ജനറൽ കൺവീനർ ബിജോയ് തോപ്പിലിന്റെ നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനം സമാപിക്കും.

26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കൺവൻഷൻ രാത്രി ഒമ്പതോടെ സമാപിക്കും. ധ്യാന ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ദൂരസ്‌ഥലങ്ങളിൽ നിന്നു വരുന്നവർക്ക് സൗജന്യ താമസ–വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാർഷികാഘോഷങ്ങളിലേയ്ക്കും ബൈബിൾ കൺവൻഷനിലേയ്ക്കും*ഏവരെയും സ്വാഗതം ചെയ്യുന്നതായി മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ.തോമസ് ആലുക്ക എന്നിവർ അറിയിച്ചു.

ബൈബിൾ കൺവൻഷന്റെയും വാർഷികാഘോഷത്തിന്റെയും വിജയത്തിനായി മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, സിഡ്നി റീജൺ എപ്പിസ്കോപ്പൽ വികാരി ഫാ.തോമസ് ആലുക്ക എന്നിവരുടെ നേതൃത്വത്തിൽ ബിജോയ് തോപ്പിൽ ജനറൽ കൺവീനറും ജോസ് കെ.പി. ജോയിന്റ് കൺവീനറുമായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ