പ്ലാസ്റ്റിക്കിന് ഫ്രാൻസിൽ നിരോധനം
Tuesday, September 20, 2016 8:04 AM IST
പാരീസ്: സ്വാഭാവികമായി ദ്രവിച്ചു പോകാത്ത തരത്തിലുള്ള എല്ലാത്തരം പ്ലാസ്റ്റി കപ്പുകൾക്കും പാത്രങ്ങൾക്കും പ്ലേറ്റുകൾക്കും ഫ്രാൻസ് നിരോധനം ഏർപ്പെടുത്തി. ഇത്തരമൊരു വ്യാപക നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഫ്രാൻസ്.

2020 മുതലാണ് ഈ നിരോധനം പൂർണമായി പ്രാബല്യത്തിൽ വരുക. ഇത്തരം ഉത്പന്നങ്ങൾ പൂർണമായും ദ്രവിച്ചു പോകുന്ന തരത്തിലുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ എന്നാണ് നിയമ നിർദേശം.

പ്ലാസ്റ്റിക് മേഖല കാരണം ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും മേഖല ഉപയോഗപ്പെടുത്തുന്ന ഊർജം കുറയ്ക്കുകയുമാണ് നിയമ നിർമാണത്തിന്റെ ലക്ഷ്യം. എന്നാൽ, ഈ നിർദേശം ഉപയോക്‌താക്കളെ ബുദ്ധിമുട്ടിക്കുമെന്നും യൂറോപ്യൻ യൂണിയൻ ചട്ടങ്ങളുടെ ലംഘനമാകുമെന്നും വിമർശനം ഉയർന്നു തുടങ്ങിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ