വിദ്യാജ്യോതി മലയാളം സ്കൂളിന്റെ ഈ വർഷത്തെ പ്രവർത്തനം ആരംഭിച്ചു
Wednesday, September 21, 2016 2:37 AM IST
ന്യൂയോർക്ക് : ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാജ്യോതി മലയാളം സ്കൂളിന്റെ പ്രവർത്തനം ക്ളാർക്സ്ടൗൺ സൗത്ത് ഹൈസ്കൂളിൽ ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം ഏഴു മുതൽ നടക്കുന്ന മലയാളം സ്കൂളിലേക്കുള്ള പ്രവേശനം തുടരുകയാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ പറഞ്ഞു.

വിവിധ പ്രായക്കാർക്കു വേണ്ടി പ്രത്യേകം ക്ലാസ്സുകൾ നടക്കുന്നുണ്ടെന്ന് വൈസ് പ്രിൻസിപ്പൽ ജോജോ ജെയിംസ് അറിയിച്ചു. ആത്മാർത്ഥതയും സേവനതല്പരതയും കൈമുതലായുള്ള ഏതാനും വ്യക്‌തികളാണ് ഈ വിദ്യാലയം ഇത്തരത്തിൽ തുടർന്നു നടത്തിക്കൊണ്ടുപോകാൻ സഹായിക്കുന്നത് എന്ന് അസ്സോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ പറഞ്ഞു.

മലയാളം ക്ലാസ്സുകൾ നടക്കുന്ന സമയത്തുതന്നെ യോഗാ ക്ളാസുകളും നടക്കുന്നുണ്ട്. യോഗ ഇൻസ്ട്രക്റ്റർ ടോമി ജേക്കബ് വളരെ പരിചയസമ്പന്നനാണെന്ന് സെക്രട്ടറി അജിൻ ആന്റണി അറിയിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പബ്ലിക് സ്പീക്കിംഗും മലയാളം ക്ളാസ്സുകളോടൊപ്പം തന്നെ കുട്ടികളെ പഠിപ്പിക്കുന്നു.

റിപ്പോർട്ട്: ജയപ്രകാശ് നായർ