മാർ സ്രാമ്പിക്കൽ ബ്രിട്ടനിലെ വിവിധ രൂപതാധ്യക്ഷന്മാരെ സന്ദർശിച്ചു
Wednesday, September 21, 2016 5:05 AM IST
ഗ്ലാസ്ഗോ: പ്രസ്റ്റൺ ആസ്‌ഥനമായ സീറോ മലബാർ സഭയുടെ ഗ്രേയ്റ്റ് ബ്രിട്ടൻ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേക ശുശ്രൂഷകൾക്കു മുന്നോടിയായി ബ്രിട്ടനിലെ വിവിധ രൂപതകളിലെ തദ്ദേശീയ മെത്രാന്മാരുമായും വിവിധ സീറോ മലബാർ കുർബാന സെന്ററുകളിലെ വൈദികരുമായും വിശ്വാസികളുമായും സന്ദർശിക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി സ്കോട്ടിഷ് കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ പ്രസിഡന്റും ഗ്ലാസ്ഗോ ആർച്ച്ബിഷപ്പുമായ ഫിലിപ്പ് തർത്താഗ്ലിയേയും വൈസ് പ്രസിഡന്റും മദർവെൽ രൂപത ബിഷപ് ജോസഫ് ടോളിനെയും സന്ദർശിച്ച് പ്രാർഥന സഹായം അഭ്യർഥിച്ചു.

സീറോ മലബാർ സഭക്കും പുതുതായി രൂപീകൃതമാകുന്ന രൂപതക്കും നിയുക്‌ത മെത്രാനും പ്രാർഥനാശംസകൾ നേർന്ന അഭിവന്ദ്യ പിതാക്കന്മാർ , സീറോ മലബാർ വിശ്വാസികൾ ഈ നാടിനും ഇവിടുത്തെ വിശ്വാസസമൂഹത്തിനും നൽകുന്ന പിന്തുണക്കും പ്രത്യേകം നന്ദി പറഞ്ഞു. ഇവിടുത്തെ കത്തോലിക്കാ സംവിധാനനങ്ങൾക്കു സീറോ മലബാർ വിശ്വാസികൾ നൽകുന്ന ഉണർവും മതപഠനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കാണിക്കുന്ന ഉത്സാഹവും ഏറെ ശ്ലാഘനീയമാണെന്നും പിതാക്കന്മാർ അറിയിച്ചു.

കൂടിക്കാഴ്ചയിൽ മാർ സ്രാമ്പിക്കലിന്റെ പ്രൈവറ്റ് സെക്രട്ടറി ഫാ. ഫാൻസ്വ പത്തിലും സ്കോട്ലൻഡിൽ സേവനം ചെയ്യുന്ന വൈദികരും സന്നിഹിതരായിരുന്നു.

തുടർന്ന് ഗ്ലാസ്ഗോയിലും എഡിസണിലും സന്ദർശനം നടത്തിയ മാർ സ്രാമ്പിക്കൽ ഇന്ന് അബർഡീനിലെയും സ്വാൻസിയിലെയും മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തും.

സ്കോട്ലൻഡിലെ വിവിധ രൂപതകളിൽ ഉള്ള സീറോ മലബാർ വൈദികരുമായും അല്മായ പ്രതിനിധികളുമായും വിശ്വാസികളുമായും നിയുക്‌ത മെത്രാൻ കൂടിക്കാഴ്ച നടത്തി. വിവിധ കേന്ദ്രങ്ങളിൽ മദർവെൽ സീറോ മലബാർ മലബാർ ചാപ്ലിൻ ഫാ. ജോസഫ് വേമ്പാടുംതറ, സെന്റ് നൈനാൻസ് പള്ളി വികാരി ഫാ. ചാൾസ് ഡോണാൻ, എഡിൻബറോയിൽ ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി, ഫാ. പ്രിൻസ് ഒഎഫ്എം, ഫാ. തോമസ് തോട്ടത്തുമ്യാലിയിൽ, ഫാ. ജെറെമി സി. ബാത്ത് എന്നീ വൈദികരുമായും കൂടിക്കാഴ്ച നടത്തി. എഡിൻബൊറോ രൂപതയിലെ നാല് സീറോ മലബാർ കൂട്ടായ്മകളിലെ അല്മായ പ്രതിനിധികളുമായും മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. ഫാൽക്രീക്കിൽ കുടുംബ പ്രാർഥനയിൽ പങ്കെടുത്ത ശേഷം മാർ സ്രാമ്പിക്കൽ ഡൻഡിയിലേക്ക് യാത്രയായി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ