സ്വിറ്റ്സർലൻഡിലെ പുതുതലമുറ സ്മാർട്ട് യുഗത്തിനടിമകൾ
Wednesday, September 21, 2016 5:08 AM IST
സൂറിച്ച്: സ്വിസിലെ പുതുതലമുറ സ്മാർട്ട് യുഗത്തിനടിമകൾ. ദിവസവും 7.4 മണിക്കൂർ ഇവർ ടെലിവിഷൻ, മൊബൈൽഫോൺ, കംപ്യൂട്ടർ എന്നിവയ്ക്ക് മുമ്പിൽ ചെലവഴിക്കുന്നു.

11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾ പ്രവൃത്തി ദിവസങ്ങളിൽ 4.4 മണിക്കൂറും വാരാന്ത്യത്തിൽ 7.4 മണിക്കൂറുമാണ് ടിവി, ലാപ്ടോപ്, മൊബൈൽ തുടങ്ങിയ സ്മാർട്ടുകൾക്ക് മുമ്പിൽ ചെലവഴിക്കുന്നത്.

2015 ലെ സ്മാർട്ട് അഡിക്ഷൻ പഠനമനുസരിച്ച് 15 മുതൽ 19 വയസുവരെ പ്രായക്കാരിൽ ഏഴു ശതമാനം സ്മാർട്ട് ആസക്‌തിയുള്ളവരാണെന്ന് കണ്ടെത്തി.

ഇപ്പോൾ പതിനൊന്നിനും പത്തൊൻപതിനുമിടയിൽ പ്രായമുള്ള ചെറുപ്പക്കാർ നിലവിൽ ദിനംപ്രതി 4.4 മണിക്കൂറും ശനി, ഞായർ ദിവസങ്ങളിൽ 7.4 മണിക്കൂറും സ്മാർട്ട് ഉത്പന്നങ്ങൾക്ക് മുമ്പിൽ ചെലവഴിക്കുന്നു. ഇനി 2015 ലെ പഠനമനുസരിച്ച് പതിനഞ്ചിനും പത്തൊൻപതിനുമിടയിൽ പ്രായമുള്ള ഏഴു ശതമാനത്തോളം കുട്ടികൾ സ്മാർട്ട് ആസക്‌തിയുള്ളവരും ഇന്റർനെറ്റ് ഗെയിമുകളിൽ അതിപ്രാവീണ്യമുള്ളവരുമാണ്.

സ്മാർട്ട് മീഡിയയുടെ അമിത ഉപയോഗം മൂലം ഇന്ന് പല യുവാക്കളും അമിത ദേഷ്യക്കാരും അക്രമാസക്‌തരുമാണെന്ന് പഠനം വ്യക്‌തമാക്കുന്നു. ഇതുമൂലം മാതാപിതാക്കൾ ആശങ്കാകുലരുമാണ്. തന്മൂലം മാതാപിതാക്കളുടെ സഹകരണത്തോടെയുള്ള ചികിത്സാ രീതികളാണ് പ്രയോജന പ്രദമാകുകയുള്ളൂവെന്ന് പ്രമുഖ മനശാസ്ത്ര വിദഗ്ദൻ അഭിപ്രായപ്പെടുന്നു.

സൂറിച്ചിലെ പ്രശസ്ത മനശാസ്ത്രജ്‌ഞവിദഗ്ധന്റെ അഭിപ്രായത്തിൽ ചെറിയ കുട്ടികൾ കൂടുതലായി മൊബൈൽ ഫോണിനെ ആശ്രയിക്കുന്നതും ലിവിംഗ് റൂമിൽ മറ്റുള്ളവരുടെ മുൻപിൽ തന്നെ ധാരാളം ടിവി കാണുന്നതും രക്ഷകർത്താക്കൾക്ക് നിയന്ത്രിക്കാൻ പറ്റാതെ വരുന്നു. ഇങ്ങനെയുള്ള കുട്ടികളെ ഉടനെ തന്നെ ചികിത്സയ്ക്കായി അയക്കേണ്ടതുണ്ട്.

സ്വിസിലെ കുട്ടികളെക്കാൾ, ഇത് കുടിയേറ്റക്കാരുടെ കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. അവർ തങ്ങളുടെ കുട്ടികൾക്ക് വിലയേറിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതും ജോലി തിരക്കുകൾമൂലം രക്ഷകർത്താക്കൾക്ക് കുട്ടികളെ കാര്യമായി ശ്രദ്ധിക്കാൻ കഴിയാത്തതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ