കെഫാക് മാസ്റ്റേസ് ലീഗ്: സോക്കർ കേരള, ചാമ്പ്യൻസ് എഫ്സി, അൽഫോസ് റൗദ, മലപ്പുറം ബ്രദേഴ്സ് ടീമുകൾക്ക് ജയം
Wednesday, September 21, 2016 5:10 AM IST
കുവൈത്ത് സിറ്റി: കെഫാക് മാസ്റ്റേഴ്സ് ലീഗ് ഗ്രൂപ്പുതല മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സോക്കർ കേരള, ചാമ്പ്യൻസ് എഫ്സി, അൽഫോസ് റൗദ, മലപ്പുറം ബ്രദേഴ്സ് ടീമുകൾക്ക് ജയം.

ആദ്യ മത്സരത്തിൽ സോക്കർ കേരള ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്ത് കേരള സ്റ്റാറിനെ പരാജയപ്പെടുത്തി. ജയൻ ആണ് വിജയ ഗോൾ നേടിയത്. മാൻ ഓഫ് ദി മാച്ചായി സോക്കർ കേരള താരം ജയനെ തെരഞ്ഞെടുത്തു.

രണ്ടാം മത്സരത്തിൽ അൽഫോസ് റൗദ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബ്രദേഴ്സ് കേരളയെ പരാജയപ്പെടുത്തി. ഷഫീഖ്, അബ്ദുള്ള എന്നിവർ വിജയികൾക്കുവേണ്ടി ഗോൾ നേടി. അൽഫോസ് റൗദയുടെ അബ്ദുള്ളയാണ് മാൻ ഓഫ് ദി മാച്ച്.

മൂന്നാം മത്സരത്തിൽ ചാമ്പ്യൻസ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി. ചാമ്പ്യൻസ് എഫ്സിക്കുവേണ്ടി ഔസേപ്പും ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനുവേണ്ടി ഡിൻസ്റ്റിൻ പോളിനുമാണ് ഗോളുകൾ നേടിയത്. അവസാന മത്സരത്തിൽ മലപ്പുറം ബ്രദേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് അൽശബാബ് എഫ്സിയെ പരാജയപ്പെടുത്തി. മലപ്പുറം ബ്രദേഴ്സിനുവേണ്ടി അൻവർ സാദത്ത്, ഷാഹിദ് എന്നിവരാണ് ഗോളുകൾ നേടിയത്. മലപ്പുറം ബ്രദേഴ്സിന്റെ ഷാഹിദാണ് മാൻ ഓഫ് ദി മാച്ച്.

റിപ്പോർട്ട്: സലിം കോട്ടയിൽ