റോമിൽ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു
Wednesday, September 21, 2016 5:11 AM IST
റോം: റോമിലെ സീറോ മലബാർ സമൂഹം പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു. പ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ റോമിലെ സാന്താ മരിയ മജോറെ ബസിലിക്കയിൽ നടന്ന തിരുനാളിന് യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടിയേറ്റുകർമം നിർവഹിച്ചു. തുടർന്നുനടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മാണ്ഡ്യ രൂപത ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യ കാർമികത്വം വഹിച്ചു. അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് പാനേങ്ങാടൻ, സത്നാ രൂപത മെത്രാൻ മാർ ജോസഫ് കൊടകല്ലിൽ, കാനഡയിലെ സീറോ മലബാർ എക്സാർക്കേറ്റ് മാർ ജോസ് കല്ലുവേലിൽ എന്നിവർ സഹകാർമികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ തിരുനാൾ സന്ദേശം നൽകി. മാലാഖ വൃന്ദം എന്ന കൊയർ ഗ്രൂപ്പ് ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്‌തിസാന്ദ്രമാക്കി. മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടന്നു. തുടർന്നു തിരുശേഷിപ്പു മുത്തലും നേർച്ച വിതരണവും രാജി ജോയിയുടെ നേതൃത്വത്തിൽ നടന്ന മരിയൻ നൃത്ത ശിൽപ്പവും നടന്നു.

ഫാ.ബിജു മുട്ടത്തുകുന്നേലും ഫാ. ബിനോജ് മുളവരിക്കലും കൈക്കാരൻമാരും പാരീഷ് കൗൺസിൽ അംഗങ്ങളും തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ്മോൻ കമ്മട്ടിൽ