കെന്റുക്കിയിൽ ഇരട്ട തലയുള്ള പശുക്കിടാവ് കൗതുകമാകുന്നു
Wednesday, September 21, 2016 5:12 AM IST
കെന്റുക്കി: ഇരട്ട തലയുമായി ജനിച്ച പശുക്കിടാവ് നൂറുകണക്കിനു ജനങ്ങളുടെ ആകർഷണ കേന്ദ്രമായി മാറുന്നു. സെപ്റ്റംബർ 16ന് കെന്റുക്കിയിലെ കാംബൽസ് വില്ലയിൽ മെക്കബിൻ– ബ്രാന്റി ദമ്പതികളുടെ ഫാമിലാണ് ഇരട്ട തലയുളള പശുക്കിടാവ് ജനിച്ചത്.

രാവിലെ ഫാമിൽ പതിവു സന്ദർശനത്തിനെത്തിയതായിരുന്നു മെക്കബിൻ. ദൂരെ നിന്നും നോക്കിയപ്പോൾ പശു രണ്ടു കുട്ടികൾക്കു ജന്മം നൽകി എന്നാണ് തോന്നിയത്. അടുത്തെത്തിയപ്പോഴാണ് രണ്ടു കുട്ടികളല്ല, ഇരട്ട തലയുളള പശുക്കിടാവാണെന്നു മനസിലായത്.

അപൂർവ ജന്മത്തിനുടമായ കിടാവിന് ‘ലക്കി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫാമിൽ ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചതിൽ തങ്ങൾ ഭാഗ്യവാന്മാരാണെന്നാണ് ബ്രാന്റി പറയുന്നത്. പിറന്നു വീണ് ഏതാനും മണിക്കൂറുകൾക്കകം എഴുന്നേറ്റ് നടക്കുവാൻ ആരംഭിച്ചുവെങ്കിലും വൃത്തത്തിലാണ് നടത്തം. ഇരുതലയുള്ള പശുക്കിടാവ് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉടമസ്‌ഥർ പറഞ്ഞു. ഈ അദ്ഭുത പ്രതിഭാസം കാണുന്നതിന് നൂറു കണക്കിനു ജനങ്ങങ്ങളാണ് ഫാമിലേക്കെത്തുന്നത്.

കുട്ടികളുടെ സ്പെഷൽ എഡ്യൂക്കേഷൻ അധ്യാപകനാണ് മെക്കബിൻ. പശുക്കിടാവിന് പ്രത്യേക ശുശ്രൂഷകൾ അദ്ദേഹം നൽകുന്നുണ്ട്. കിടാവ് കൂടുതൽ കാലം ജീവിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ