ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നത് പാക്കിസ്‌ഥാൻ തടയണം: ജോൺ കെറി
Wednesday, September 21, 2016 7:51 AM IST
ന്യൂയോർക്ക്: വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭീകരർക്കു സ്വൈരവിഹാരം നടത്തുന്നതിനും ഒളിതാവളമൊരുക്കുന്നതിനുളള നീക്കം ഉടനടി നിർത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി പാക് പ്രധാനമന്ത്രി നവാസ് ഷെറിഫിനോട് ആവശ്യപ്പെട്ടു.

ഉറിയിൽ ഇന്ത്യൻ സൈനിക താവളങ്ങൾക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്‌തമായ ഭാഷയിൽ അപലപിച്ചു. സെപ്റ്റംബർ പത്തൊമ്പതിന് ഇരുവരും കണ്ടു മുട്ടിയപ്പോഴായിരുന്നു കെറി തന്റെ അഭിപ്രായം പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചത്.

പാക്കിസ്‌ഥാൻ അതിർത്തി പ്രദേശങ്ങൾ ഭീകരരുടെ പറുദീസയാക്കി മാറുവാൻ അനുവദിക്കരുതെന്നും കെറി പറഞ്ഞു. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുളള ബന്ധം വഷളാകാതെ ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് സെക്രട്ടറി നിർദ്ദേശിച്ചു.

ന്യൂക്ലിയർ ആയുധം നിർമിക്കുന്നതിനുളള പ്രോഗ്രാം തത്കാലം നിർത്തിവയ്ക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. അതേ സമയം ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന് നവാസ് ഷെറിഫ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഇരുരാഷ്ര്‌ടങ്ങളും തമ്മിലുളള ബന്ധം പുനഃസ്‌ഥാപിക്കുന്നതിന് ഇടപെടുമെന്ന വാഗ്ദാനം പാലിക്കപ്പെടണമെന്നും നവാസ് ഷെരീഫ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ