കേളി ചികിത്സാ സഹായം കൈമാറി
Wednesday, September 21, 2016 7:58 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ യുണിറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സ്വദേശി യൂസഫിന് ചികിത്സാ സഹായം കൈമാറി.

കോഴിക്കോട് മുക്കം കാരശേരി സ്വദേശി യൂസഫ് രണ്ടു മാസം മുൻപാണ് നിർമാണ ജോലിക്കായി റിയാദിൽ എത്തിയത്. ജോലിയിൽ പ്രവേശിച്ചു ഒരു മാസത്തിനിടയിൽ വയറുവേദന അനുഭവപ്പെടുകയും ജോലിക്കു പോകാൻ കഴിയാത്ത അവസ്‌ഥയിലാകുകയും ആയിരുന്നു. വേദന സംഹാരണിയിൽ അഭയം പ്രാപിച്ച യൂസഫ് അസുഖത്തിന്റെ ഗൗരവം മനസിലാക്കാൻ വൈകി.

അസഹ്യമായ വേദനയെ തുടർന്ന് ബുദ്ധിമുട്ടിയ യൂസഫ് കേളി പ്രവർത്തകരുടെ സഹായത്തോടെ ബത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും അടിയന്തര ശസ്ത്രക്രിയക്കു വിധേയമാകാൻ ഡോക്ടർമാർ നിർദേശിക്കുകയുമായിരുന്നു.

ശസ്ത്രക്രിയക്ക് ഭീമമായ തുക ചെലവാകുമെന്നതിനാൽ തുക കണ്ടെത്തുന്നതിന് സ്പോൺസറെ സമീപിച്ചെങ്കിലും അദ്ദേഹം കയ്യൊഴിഞ്ഞു. തുടർന്ന് യൂസഫിന്റെ ജീവൻ രക്ഷിക്കുന്നതിനുവേണ്ട സഹായം കണ്ടെത്താൻ കേളി ബദിയ യുണിറ്റ് തീരുമാനിക്കുകയും ചികിസാ ചെലവിനുള്ള മുഴുവൻ തുക സമാഹരിക്കുകയും ചെയ്തു. മാതാപിതാക്കളും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് യൂസഫ്.

കേളി സമാഹരിച്ച തുക ബദിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അബ്ദുൾ റഹ്മാൻ യൂസഫിന് കൈമാറി. യൂണിറ്റ് സെക്രട്ടറി ദിനകരൻ, പ്രസിഡന്റ് മനാഫ്, ട്രഷറർ ശങ്കരൻ, ഏരിയ സെക്രട്ടറി പ്രദീപ്, ഏരിയ കമ്മിറ്റി അംഗം സരസൻ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയന്റ് കൺവീനർ കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.